കങ്കുവയുടെ പോസിറ്റീവിനെക്കുറിച്ച് പറയാത്തതെന്ത്?, സൂര്യയുടെ ഭാര്യയതുകൊണ്ട് പറയുകയല്ല; തുറന്നടിച്ച് ജ്യോതിക
കങ്കുവയുടെ പോസിറ്റീവിനെക്കുറിച്ച് പറയാത്തതെന്ത്?, സൂര്യയുടെ ഭാര്യയതുകൊണ്ട് പറയുകയല്ല; തുറന്നടിച്ച് ജ്യോതിക
കങ്കുവയുടെ പോസിറ്റീവിനെക്കുറിച്ച് പറയാത്തതെന്ത്?, സൂര്യയുടെ ഭാര്യയതുകൊണ്ട് പറയുകയല്ല; തുറന്നടിച്ച് ജ്യോതിക
മനോരമ ലേഖിക
Published: November 17 , 2024 02:35 PM IST
2 minute Read
അടുത്തിടെ വൻതോതിൽ വിമര്ശനങ്ങളേറ്റുവാങ്ങിയ കങ്കുവ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ എഴുതിയവരെ നിശിതമായി വിമർശിച്ച് നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക. കങ്കുവ ഒരു സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവമാണെന്ന് ചിത്രത്തിൻ്റെ ടീമിനെ പ്രശംസിച്ചുകൊണ്ട് ജ്യോതിക പറഞ്ഞു. താൻ സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല ജ്യോതിക എന്ന സ്ത്രീയും ഒരു സിനിമാ പ്രേമി എന്ന നിലയിലുമാണ് ഇത് എഴുതുന്നത് എന്ന് തുടങ്ങുന്ന കുറിപ്പ് ഇൻസ്റ്റാഗ്രാമിലാണ് താരം പങ്കുവച്ചത്. സിനിമയെ പ്രോത്സാഹിപ്പിക്കാനും പുതിയ പരീക്ഷണങ്ങൾ നടത്താനും സൂര്യ കാണിക്കുന്ന ധൈര്യത്തെ ജ്യോതിക അഭിനന്ദിച്ചു. മൂന്നു മണിക്കൂർ സിനിമയിൽ ആദ്യത്തെ അര മണിക്കൂർ മാത്രമാണ് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ കഴിയാതിരുന്നതെന്നും സിനിമയുടെ ശബ്ദക്രമീകരണത്തിനു പാളിച്ച പറ്റിയിട്ടുണ്ടെന്നും ജ്യോതിക തുറന്നു സമ്മതിക്കുന്നു. നെഗറ്റീവ് മാത്രം പ്രചരിപ്പിക്കുന്ന തിരക്കിൽ കങ്കുവയിലെ ദൃശ്യ വിസ്മയങ്ങളും രണ്ടാംപകുതിയിലുള്ള സ്ത്രീകളുടെ പോരാട്ടവും ഒരു കുട്ടിയുടെ മികച്ച അഭിനയവും ഇവർ കണ്ടില്ലെന്ന് നടിച്ചുവെന്നും ജ്യോതിക പറയുന്നു. ഓവർറേറ്റഡ് ആയ പരാജയപ്പെട്ട ബിഗ് ബഡ്ജറ്റ് സിനിമകൾ ചെയ്തവർ വരെ കങ്കുവയിലെ തെറ്റുകുറ്റങ്ങൾ കണ്ടെത്തുന്നതിൽ തിരക്കുകൂട്ടുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നെന്ന് ജ്യോതിക ആഞ്ഞടിക്കുന്നു. നെഗറ്റീവ് പ്രചരിപ്പിക്കുന്നവർക്ക് സിനിമയുടെ ഉന്നതിക്ക് വേണ്ടി അതുമാത്രമേ സമ്മാനിക്കാനുള്ളൂവെന്നും ഗംഭീര സിനിമാനുഭവം കാഴ്ചവച്ച കങ്കുവ ടീം അഭിമാനിക്കുകയാണ് വേണ്ടതെന്നും ജ്യോതിക പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
“ഞാൻ ഈ കുറിപ്പ് എഴുതുന്നത് ജ്യോതിക എന്ന നിലയിലും ഒരു സിനിമാ പ്രേമി എന്ന നിലയിലും ആണ് അല്ലാതെ സൂര്യ എന്ന നടന്റെ ഭാര്യയായിട്ടല്ല. കങ്കുവ അപൂർവ്വമായ ഒരു സിനിമാകാഴ്ചയാണ്.
സൂര്യ, നിങ്ങൾ എന്ന നടനെക്കുറിച്ചും സിനിമയെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ കാണിക്കുന്ന ധൈര്യത്തെക്കുറിച്ചും മനസ്സിലാക്കുമ്പോൾ നിങ്ങളെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. കങ്കുവയിലെ ആദ്യത്തെ 1/2 മണിക്കൂർ വേണ്ട വിധത്തിൽ പ്രേക്ഷകരിലേക്ക് എത്തിയില്ല അതുപോലെതന്നെ ശബ്ദവും കുറച്ചേറെ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. പക്ഷേ പോരായ്മകൾ മിക്ക ഇന്ത്യൻ സിനിമകളുടെയും ഭാഗമാണ്, പ്രത്യേകിച്ച് ഇത്തരത്തിൽ ഒരാൾ വലിയ തോതിൽ പരീക്ഷണം നടത്തിയ ഒരു ചിത്രത്തിൽ അത് സ്വാഭാവികമാണ്. ഒരു 3 മണിക്കൂർ സിനിമയിൽ ആദ്യത്തെ 1/2 മണിക്കൂർ മാത്രമാണ് ഈ പ്രശ്നം ഉള്ളത്. സത്യം പറഞ്ഞാൽ കങ്കുവ സമാനതകളില്ലാത്ത സിനിമാ അനുഭവമാണ്. തമിഴ് സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാമറ വർക്ക് ആണ് വെട്രി പളനിസാമി ചെയ്തിരിക്കുന്നത്.
ഏറ്റവും ബുദ്ധിശൂന്യമായ, സ്ത്രീകളെ പീഡിപ്പിക്കുന്നതായി ചിത്രീകരിക്കുന്ന, ഡബിൾ മീനിങ് ഡയലോഗുകളുള്ള, ഓവർ റേറ്റഡ് ആയ ആക്ഷൻ സീനുകളുള്ള നിരവധി സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അതെല്ലാം മറന്നുകൊണ്ട് ഈ പ്രശ്നങ്ങൾ അവർക്കൊന്നും സംഭവിച്ചിട്ടില്ല ഇത് പുതിയകാര്യമാണെന്ന തരത്തിൽ ചില സിനിമാ സുഹൃത്തുക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും നെഗറ്റീവ് റിവ്യൂസ് വരുന്നത് കാണുമ്പോൾ ഞാൻ ആശ്ചര്യപ്പെട്ടുപോവുകയാണ്.
കങ്കുവയുടെ പോസിറ്റീവുകളെപ്പറ്റി ആരും ഒന്നും മിണ്ടാത്തതെന്താണ്? രണ്ടാം പകുതിയിലെ സ്ത്രീകളുടെ ആക്ഷൻ സീക്വൻസും ഒരു ചെറിയ കുട്ടി കങ്കുവയോടു കാണിക്കുന്ന സ്നേഹവും വഞ്ചനയും ഇതൊന്നും ആരും ശ്രദ്ധിച്ചില്ലേ? തെറ്റുകുറ്റങ്ങൾ കണ്ടെത്തുന്ന തിരക്കിൽ കങ്കുവയിലുള്ള നല്ല കാര്യങ്ങളെല്ലാം എല്ലാവരും അവഗണിച്ചു എന്ന് തോന്നുന്നു. ഇതൊക്കെ കാണുമ്പോൾ ഇത്തരത്തിൽ റിവ്യൂ എഴുതുന്നവരെ ഇനി എപ്പോഴെങ്കിലും വിശ്വസിക്കണോ അവർ എഴുതുന്നത് വായിക്കണോ അവരെ ശ്രദ്ധിക്കണോ എന്ന് ഞാൻ ചിന്തിച്ചുപോവുകയാണ്.
അതിഗംഭീരമായ ദൃശ്യഭംഗികൊണ്ട് സമ്പന്നമായ ഒരു 3ഡി സിനിമ സൃഷ്ടിക്കാൻ കങ്കുവ ടീം എടുത്ത പ്രയത്നവും അവരുടെ സമർപ്പണവും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതിന് പകരം പല ഗ്രൂപ്പുകൾ മുന്നോട്ട് വച്ച പ്രോപഗണ്ടയിൽ വിശ്വസിച്ച് ആദ്യ ഷോ തീരുന്നതിനു മുൻപ് തന്നെ കങ്കുവയ്‌ക്കെതിരെ മനഃപൂർവം ഇത്തരത്തിൽ നെഗറ്റീവ് പ്രചാരണങ്ങൾ അഴിച്ചുവിടുന്നത് കാണുമ്പോൾ ശരിക്കും ദുഃഖം തോന്നുന്നു.
മികച്ച സിനിമാനുഭവം കാഴ്ചവയ്ക്കാൻ നിങ്ങൾ ശ്രമിച്ചു എന്നനിലയിൽ ടീം കങ്കുവക്ക് അഭിമാനിക്കാം, പക്ഷേ നെഗറ്റീവ് കമൻ്റ് ചെയ്യുന്നവർക്ക് സിനിമയെ പ്രോത്സാഹിപ്പിക്കാൻ അവരുടെ ക്രെഡിറ്റിൽ അതല്ലാതെ മറ്റൊന്നുമില്ല. ” ജ്യോതിക കുറിച്ചു.
English Summary:
Jyothika, actress and wife of Suriya, has sharply criticized those who wrote negative reviews against the film Kanguva, which has recently received widespread criticism.
7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-kanguva 6jte78vpugd94vo2dbapnhh2v2 mo-entertainment-movie mo-entertainment-common-tamilmovienews f3uk329jlig71d4nk9o6qq7b4-list
Source link