ബിജെപിയെ കൈവിട്ട സന്ദീപിനെ ഫോളോവേഴ്സും കൈവിടുന്നു, മണിക്കൂറുകൾക്കകം നഷ്ടമായത് ആയിരങ്ങളെ

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ സന്ദീപ് വാര്യരെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കൈവിടുന്നു. ഫേസ്ബുക്കിൽ ഒറ്റദിവസം കൊണ്ട് പന്ത്രണ്ടായിരം ഫോളോവേഴ്സിനെയാണ് സന്ദീപ് വാര്യർക്ക് നഷ്ടമായത്. ഇന്നലെ വൈകിട്ട് 316 k ആയിരുന്നു അദ്ദേഹത്തിന് ഫേസ്ബുക്കിൽ ഫോളോവേഴ്സായി ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെ അത് 304k ആയി ചുരുങ്ങി. സോഷ്യൽ മീഡിയയിൽ കാണുന്ന ട്രെൻഡ് അണികളുടെ കാര്യത്തിലും പ്രതിഫലിക്കുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. എന്നാൽ സന്ദീപിന്റെ സ്വാധീനം ഇപ്പോൾ കാണുന്നതിനും മേലെയാണെന്നും പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് വ്യക്തമാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുളള യുഡിഎഫ് നേതാക്കളോടൊപ്പമുളള സെൽഫി സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിരുന്നു. ഇതിനും കമന്റുകളുടെയും ലൈക്കുകളുടെയും പൂരമാണ്. അനുകൂലിച്ചും എതിർത്തും ആയിരക്കണക്കിനുപേരാണ് കമന്റുചെയ്തത്. ‘താങ്കളോട് ഒരിക്കൽ വളരെ ബഹുമാനം ഉണ്ടായിരുന്നു എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് പുച്ഛം തോന്നുന്നു! കഷ്ടം’, അപ്പോപ്പോൾ കാണുന്നവനെ.. .. .. വിളിക്കുന്ന വെറും ഒരു രാഷ്ട്രീയക്കാരൻ മാത്രമാണ് സന്ദീപ് എന്ന് വ്യക്തമാക്കിയതിന് നന്ദി..’എന്നിങ്ങനെ പോകുന്നു എതിരാളികളുടെ കമന്റുകൾ. വെറുപ്പിന്റെ കമ്പോളത്തിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം, വെറുപ്പ് മാത്രം ഉല്പാദിപ്പിക്കുന്ന ഫാസിസ്റ്റ് ഫാക്ടറിയിൽ നിന്നും ഇറങ്ങി വന്നതിന് സന്ദീപ് വാര്യർക്ക് നന്ദി.സാഹചര്യത്താൽ ഫാസിസ്റ്റുകളുടെ കെണിയിൽ അകപ്പെട്ട ഒരുപാട് സുഹൃത്തുക്കൾ നമുക്കുണ്ട്. ഫാസിസ്റ്റ് ആശയങ്ങൾ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞു വന്ന സന്ദീപ് വാര്യരുടെ ഈ വരവ് അവർക്കും കൂടി ഒരു പ്രചോദനമാകട്ടെ’ എന്നാണ് അനുകൂലികളും കോൺഗ്രസ് പ്രവർത്തകരും ആശംസിക്കുന്നത്.
അതേസമയം, ഇന്നലെ കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇന്ന് രാവിലെ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയോടെയാണ് അദ്ദേഹം പാണക്കാട്ട് എത്തിയത്. ‘ബിജെപിയെ നന്നാക്കാൻ ഒരു ചൂരൽ എടുത്ത് മാരാർജി ഭവന് ചുറ്റും നടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ തല്ലിയാലും അവര് നന്നാകാൻ പോകുന്നില്ല. അതുകൊണ്ട് ഞാൻ അവരെ അവരുടെ വഴിക്ക് വിടുകയാണ്. ഞാൻ ഇന്നുമുതൽ കോൺഗ്രസിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുകയാണ്’- എന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
Source link