KERALAM

ജ്യോതിഷപണ്ഡിതൻ മിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത ജ്യോതിഷ പണ്ഡിതൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് (95) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. വട്ടിയൂർക്കാവ് മണികണ്ഠേശ്വരം ക്ഷേത്രത്തിനടുത്തെ ഐശ്വര്യ ബംഗ്ലാവിലായിരുന്നു താമസം. വേദം,സംഗീതം,നൃത്തകല,വിവിധ ഭാഷകൾ എന്നിവയിലും അഗാധമായ പാണ്ഡിത്യമായിരുന്നു.

തൃപ്പുണിത്തുറ എരൂരിലെ എളപ്രക്കോടത്ത് മന അംഗമാണ്. ഇന്ദിരാഗാന്ധി,ജയലളിത എന്നിവരുൾപ്പടെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ജ്യോത്സ്യനായിരുന്നു. നിലവിൽ തലസ്ഥാനത്തെ പൗർണമിക്കാവ് ബാലത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിലെ തന്ത്രിയാണ്. 100 വർഷത്തെ പഞ്ചാംഗം ഗണിച്ച് എഴുതിയിട്ടുണ്ട്.

ആന്ധ്ര സർക്കാരിന്റെ ആർഷ ജ്ഞാനസരസ്വതി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ഭാര്യ: പൂഞ്ഞാർ കോവിലകത്ത് പരേതയായ ഭവാനിത്തമ്പുരാട്ടി. മക്കൾ: മഞ്ജുള വർമ്മ (കാത്തലിക് സിറിയൻ ബാങ്ക്), അജയവർമ്മ രാജ (ഏഷ്യാനെറ്റ്),​രഞ്ജിനി വർമ്മ. മരുമക്കൾ: മോഹനവർമ്മ (പാലിയേക്കര കൊട്ടാരം,തിരുവല്ല), രസികാവർമ്മ (പൂക്കോട്ടുമഠം,ഇടപ്പള്ളി),ശിവപ്രസാദ് വർമ്മ(റിട്ട.എഫ്.ആർ.സി.ടി കൊടുങ്ങല്ലൂർ കോവിലകം). സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ എരൂർ വടക്കുംഭാഗത്ത് മനയിൽ.


Source link

Related Articles

Back to top button