KERALAM

താമര വിട്ട് സന്ദീപ് വാര്യർ; കൈപിടിച്ച് കോൺഗ്രസ്

പാലക്കാട്: ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്തിയ സംസ്ഥാനകമ്മിറ്റി അംഗം സന്ദീപ് വാര്യർ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കേ,​ രാഷ്‌ട്രീയമലക്കം മറിഞ്ഞ് കോൺഗ്രസിൽ ചേർന്നു.

കോൺഗ്രസിനെ കാലുവാരിയ ഡോ. പി. സരിനെ സി.പി.എം അടർത്തിയെടുത്ത് പാലക്കാട്ട് സ്വതന്ത്രസ്ഥാനാർത്ഥിയാക്കിയതിന്റെ കേട് തീർക്കും വിധം മിന്നൽ നീക്കത്തിലൂടെയാണ് കോൺഗ്രസ് ബി.ജെ.പിയിൽ നിന്ന് സന്ദീപ് വാര്യരെ സ്വന്തം പാളയത്തിൽ എത്തിച്ചത്.

ഇതോടെ ഒരു ഉപതിരഞ്ഞെടുപ്പിൽ കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് പാലക്കാട് വേദിയാകുന്നത്.

കുറച്ചുകാലമായി ബി.ജെ.പിയിൽ നേരിടുന്ന അവഗണനയ്‌ക്കൊടുവിൽ നാടകീയമായാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം. പാലക്കാട്ടെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. നേതാക്കളും പ്രവർത്തകരും സന്ദീപിനെ ഷാളണിയിച്ച് സ്വീകരിച്ചു.

സംസ്ഥാന നേതൃത്വവുമായും പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറുമായും ഇടഞ്ഞ സന്ദീപ് വാര്യർ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിവിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആദ്യം സി.പി.എമ്മിലേക്ക് എന്നായിരുന്നു അഭ്യൂഹം. കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ അടക്കം സി.പി.എം നേതാക്കൾ സന്ദീപിനെ പരസ്യമായി പുകഴ്‌ത്തിയിരുന്നു. ഇതിനിടെ സി.പി.ഐ നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന റിപ്പോർട്ടും വന്നു. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സന്ദീപ് താമര താഴെവച്ച് കോൺഗ്രസിന്റെ കൈപിടിക്കുകയായിരുന്നു.

സാമൂഹിക മാദ്ധ്യമങ്ങളിൽ ബി.ജെ.പി മുദ്രാവാക്യങ്ങളടങ്ങിയ കവർ ഫോട്ടോ മാറ്റി രാവിലെ തന്നെ സന്ദീപ് വാര്യർ രാഷ്ട്രീയമാറ്റം പ്രഖ്യാപിച്ചിരുന്നു


Source link

Related Articles

Back to top button