വ്യാപാര ലൈസൻസ് പിഴ കുത്തനെ കുറച്ചു, തുക മുപ്പതിലൊന്നായി കുറയും

തിരുവനന്തപുരം :വ്യാപാര ലൈസൻസ് പുതുക്കാൻ വൈകിയതിന്റെ പേരിൽ നഗരസഭകൾ ഈടാക്കിവന്ന പിഴത്തുക വെട്ടിക്കുറച്ച് സർക്കാർ ഉത്തരവായി. ഇതിനായി മുനിസിപ്പാലിറ്റി ചട്ടം 11(4) ഭേദഗതി ചെയ്യും.

വ്യവസായങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ഫാക്‌ടറികൾ, സംരംഭങ്ങൾ, മറ്റു സേവനങ്ങൾ എന്നിവയ്‌ക്ക്‌ ചുമത്തുന്ന പിഴ മുപ്പതിൽ ഒന്നായി ചുരുങ്ങും. ഒരു വർഷം വരെ വൈകിയാൽ വാർഷിക ഫീസിന്റെ 20ശതമാനം തുക പിഴ നൽകിയാൽ മതിയാകും. അതിൽ കൂടുതൽ വരുന്ന ഓരോ വർഷത്തേക്കും 25 ശതമാനം വീതം അധിക ഫീസ് ഈടാക്കും.

1000രൂപ ലൈസൻസ് ഫീസുള്ള ഒരു സ്ഥാപനം പുതുക്കാൻ ഒരു വർഷം വൈകിയാൽ 200 രൂപ അടച്ചാൽ മതിയാകും.ഇതുവരെ പിഴ മാത്രം 6000രൂപയായിരുന്നു. രണ്ട് വർഷം വൈകിയാൽ മുൻനിരക്ക് അനുസരിച്ച് 12000രൂപ പിഴ വരുമെങ്കിൽ ഇനി 450 രൂപ അടച്ചാൽ മതിയാകും.

ലൈസൻസ് പുതുക്കാനുള്ള സമയപരിധി അവസാനിച്ചശേഷം, ‍ ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ലൈസൻസ് പുതുക്കുന്നതിന് വാർഷിക ഫീസിന്റെ 10 ശതമാനം അധികം ഈടാക്കുന്നത് തുടരും. ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് 30ദിവസം മുമ്പ്‌ പുതുക്കലിനുള്ള അപേക്ഷ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ.
പത്ത് ദിവസം വരെയുള്ള കാലതാമസത്തിന് വാർഷിക ഫീസിന്റെ 25ശതമാനം തുകയും അതിൽ കൂടുതൽ വരുന്ന കാലയളവിലേക്ക് ഓരോ 15ദിവസത്തേക്കും 25ശതമാനം നിരക്കിലും അധിക ഫീസ് ഈടാക്കിക്കൊണ്ടാണ് നിലവിൽ ലൈസൻസ് പുതുക്കി നൽകുന്നത്. അതിനാൽ ചെറിയ കാലയളവിൽ തന്നെ ലൈസൻസ് ഫീസിന്റെ 20ഇരട്ടി വരെ പിഴ വരുന്ന സാഹചര്യമായിരുന്നു. പഞ്ചായത്തുകളിലെ നിരക്കുകൾ സംബന്ധിച്ച് പരാതികളില്ല. കെ- സ്മാർട്ടിലൂടെ ലൈസൻസ് പുതുക്കാനുള്ള നടപടികളും ലഘൂകരിച്ചിട്ടുണ്ട്.


Source link
Exit mobile version