സന്ദീപിനെ വലയിട്ട് മിന്നൽ നീക്കം : ചുക്കാൻ പിടിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം / പാലക്കാട് : ബി.ജെ.പിയിൽ നിന്ന് സന്ദീപ് വാര്യരെ അടർത്തിയെടുക്കാൻ കോൺഗ്രസ് നേതൃത്വം നടത്തിയ ചടുല നീക്കങ്ങൾ അതീവ രഹസ്യമായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഓപ്പറേഷന് ചുക്കാൻ പിടിച്ചത്. കൊച്ചിയിലും ബാംഗ്ലൂരിലുമായി നടന്ന ചർച്ചകൾ ചോർന്നില്ല.
തിരഞ്ഞെടുപ്പ് കാലമായതിനാൽ ആർ.എസ്.എസ് – ബി.ജെ.പി നേതൃത്വം സന്ദീപിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സി.പി.എമ്മിനും ബി.ജെപിക്കും സംശയം തോന്നാത്ത രാഷ്ട്രീയ കൈയ്യടക്കത്തോടെ ശരവേഗത്തിലാണ് കോൺഗ്രസ് തീരുമാനമുണ്ടാക്കിയത്.
സന്ദീപിനോട് സംസാരിക്കാൻ നേതാക്കളെ ചുമതലപ്പെടുത്തിയത് മുതൽ എല്ലാം പ്രതിപക്ഷനേതാവ് അതീവ ജാഗ്രതയോടെ നിയന്ത്രിച്ചു. പാലക്കാട്ടെ മുതിർന്ന നേതാവ് പി.ഹരിഗോവിന്ദനെയാണ് ആദ്യം നിയോഗിച്ചത്. പാലക്കാട്ടെ മറ്റ് നേതാക്കളെ മാറ്റി നിർത്തിയിരുന്നു. ഡി.സി.സി അദ്ധ്യക്ഷനെ പോലും അന്തിമഘട്ടത്തിൽ അറിയിച്ചാൽ മതിയെന്നായിരുന്നു നിർദ്ദേശം. പിന്നീട് ബെന്നി ബെഹനാൻ അടക്കം ചർച്ചയിൽ പങ്കാളികളായി. രണ്ടാംഘട്ടത്തിലാണ് എ.ഐ.സി.സി ഇടപെട്ടത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനൻ സംസ്ഥാനത്തിന് പുറത്ത് സന്ദീപുമായി ആശയവിനിമയം നടത്തി. എ.ഐ.സി. സി നേതൃത്വത്തിന്റെ സമ്മതത്തിനായി നീങ്ങി. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും മറ്റൊരു നേതാവും സന്ദീപുമായി നേരിട്ട് സംസാരിച്ചു.
സന്ദീപിന്റെ വരവ് ഏതാണ്ട് ഉറപ്പായതോടെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെയും സതീശൻ വിവരങ്ങൾ ധരിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച്ച അന്തിമ ചർച്ചയിലേക്ക് നീങ്ങി.
ഇതിനിടെ സി.പി.എമ്മിൽ നിന്ന് ഒരു മന്ത്രിയടക്കം മുതിർന്ന നേതാക്കൾ ആശയവിനിമയത്തിന് ശ്രമിച്ചെങ്കിലും സന്ദീപ് ചെവികൊടുത്തില്ല. ഇന്നലെ നാടകീയത ഒട്ടും ചോരാതെ സന്ദീപ് കോൺഗ്രസിലെത്തി.
ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാക്കും?
പാർട്ടിയിലെത്തിയ ശേഷമുള്ള പരിഗണനകളിൽ എ.ഐ.സി.സി നേതൃത്വം ഉറപ്പ് നൽകിയെണ് വിവരം. തിരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടി പുനഃസംഘടനയിൽ സന്ദീപിന് അർഹമായ സ്ഥാനം നൽകിയേക്കും. ഒറ്റപ്പാലം നിയമസഭാ സീറ്റും വാഗ്ദാനം ചെയ്തെന്നാണ് വിവരം.
തിരുത്തിയത് നേതാക്കൾ പോകുന്ന ചരിത്രം
പാലക്കാട്ടെ കോൺഗ്രസിൽ നിന്ന് സി.പി.എം ചില നേതാക്കളെ അടർത്തിയെടുത്തത് രാഷ്ട്രീയമായി തിരിച്ചടിച്ചിരുന്നു. കോൺഗ്രസ്, ബി.ജെ.പി പാർട്ടികളിൽ നിന്ന് സി.പി.എമ്മിലേക്ക് മാത്രമാണ് നേതാക്കളെത്തുന്നതെന്നും അതിന് കാരണം മതേതരത്വത്തിന്റെ കാവൽക്കാർ തങ്ങളാണെന്നുമായിരുന്നു സി.പി.എം വാദം. ബി.ജെ.പിയുടെ പ്രമുഖനെ അടർത്തിയെടുത്ത് കോൺഗ്രസ് അതിന് മറുപടി നൽകിയിരിക്കയാണ്. ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത് സി.പി.എമ്മിനും ബി.ജെ.പിക്കും പ്രഹരമാവുകയും ചെയ്തു. കോൺഗ്രസിൽ നിന്ന് പദ്മജ വേണുഗോപാലിനെ അടർത്തിയെടുത്ത ബി.ജെ.പിക്ക് മറുപടി നൽകിയെന്നും ആശ്വസിക്കാം.
ബി.ജെ.പി, ആർ.എസ്.എസ് ദേശീയ നേതാക്കളുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന സന്ദീപ് വാര്യരെ പാളയത്തിലെത്തിച്ചത് ദേശീയ തലത്തിലും കോൺഗ്രസ് നേട്ടമായി ഉയർത്തിക്കാട്ടും. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം ദേശീയ തലത്തിലും ചർച്ചയാകും.
Source link