ശബരിമലയിൽ സുഖദർശനം: വൃശ്ചികപ്പുലരിയിൽ കാനനവാസനെ കണ്ടുവണങ്ങി ഭക്തസഹ്രസങ്ങൾ
ശബരിമല :വീണ്ടുമൊരു തീർത്ഥാടനകാലത്തിന് ശരണംവിളി മുഴങ്ങിയ വൃശ്ചിക പൊൻപുലരിയിൽ പടിപതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത് എത്തിയ തീർത്ഥാടക സഹസ്രങ്ങൾ അയ്യപ്പസ്വാമിയെ കൺകുളിർക്കെ കണ്ടുവണങ്ങി. മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ഇന്നലെ പുലർച്ചെ 3ന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. അയ്യപ്പസ്വാമിയെ ഒരുനോക്കുകാണാൻ കാത്തുനിന്ന തീർത്ഥാടകർക്ക് സുഖ ദർശനം.
നിർമ്മാല്യ ദർശനത്തിനും അഭിഷേകത്തിനുംശേഷം തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എത്തിവരുടെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി. 3.30ന് നെയ്യഭിഷേകം ആരംഭിച്ചു. അഷ്ടാഭീഷേകത്തിനും ഉഷഃപൂജയ്ക്കും ശേഷം കിഴക്കേ മുഖമണ്ഡപത്തിൽ കുട്ടികളുടെ ചോറൂണ് വഴിപാട് നടന്നു. കലശപൂജ, കളഭാഭീഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഒന്നിന് നടയടച്ചു. ഉച്ചയ്ക്ക് ശേഷം മൂന്നിന് നടതുറന്ന് വൈകിട്ട് 6.30ന് ദീപാരാധനയ്ക്കും പുഷ്പാഭിഷേകത്തിനും അത്താഴപൂജയ്ക്കും ശേഷം രാത്രി 11ന് നടയടച്ചു.
മാളികപ്പുറം ക്ഷേത്രനട മേൽശാന്തി വാസുദേവൻ നമ്പൂതിരി തുറന്നു. വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഈ വർഷത്തെ ആദ്യ ഭഗവതിസേവയ്ക്ക് അദ്ദേഹം കാർമ്മികനായി.
ദേവസ്വം മന്ത്രി വി.എൻ.വാസവൻ, എം.എൽ.എമാരായ അഡ്വ.പ്രമോദ് നാരായൺ, അഡ്വ. കെ.യു.ജനീഷ് കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, ഇന്റലിജൻസ് എ.ഡി.ജി.പി പി.വിജയൻ, ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരിബാബു എന്നിവർ സന്നിഹിതരായിരുന്നു.
മിനിട്ടിൽ 85 പേർ
പടി ചവിട്ടി
ശബരിമല: മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഒരു മിനിട്ടിൽ 85 തീർത്ഥാടകരെയാണ് പതിനെട്ടാം പടി കടത്തിവിട്ടത്. ഇന്നലെ വൈകിട്ട് നാലേകാൽവരെ 49000പേരാണ് ദർശനം നടത്തിയത് .ഇതിൽ 7885 പേർ സ്പോട്ട് ബുക്കിംഗ് നടത്തി വന്നവരാണ്.
പരിശീലനം ലഭിച്ച പൊലീസുകാരെയാണ് പതിനെട്ടാംപടിയിൽ നിയോഗിച്ചത്. കഴിഞ്ഞ തവണ അങ്ങനെ ആയിരുന്നില്ല.
ഓരോ പടി ഇടവിട്ട് ഓരോവശത്തും ഒൻപതു പൊലീസുകാർ ഉണ്ടായിരുന്നു.പടിക്കു പുറത്തായി താത്കാലികമായി സജ്ജമാക്കിയ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ടാണ് ഇവർ ഭക്തരെ നിയന്ത്രിച്ചത്. .ഓരോ പതിനഞ്ച് മിനിട്ട് കഴിയുമ്പോഴും പൊലീസുകാർക്ക് വിശ്രമം അനുവദിച്ചു.120 പൊലീസുകാരുടെ സംഘമാണ് പതിനെട്ടാംപടി ഡ്യൂട്ടിക്ക് മാത്രമായുള്ളത്.
വെള്ളിയാഴ്ച രാത്രി നട അടച്ചശേഷവും ഭക്തരെ പതിനെട്ടാം പടി ചവിട്ടാൻ അനുവദിച്ചു. മുൻകാലങ്ങളിൽ ഇത് അനുവദിച്ചിരുന്നില്ല. പടിചവിട്ടിയവരെ വടക്കേ നടയിലേക്ക് മാറി വിശ്രമിക്കാൻ അനുവദിച്ചു.ഇന്നലെ പുലർച്ചെ വടക്കേ നടയിലൂടെ ദർശനവും ഇവർക്ക് സജ്ജമാക്കി.
തീർത്ഥാടകർക്ക് വിശ്രമിക്കാൻ സന്നിധാനത്ത് പഗോഡ പന്തലും പമ്പയിലും മറ്റും ഷാമിയാന പന്തലും കൂടുതൽപേരെ ഉൾക്കൊള്ളാൻ കഴിയുന്ന ജർമ്മൻ പന്തലും സജ്ജമാക്കിയിട്ടുണ്ട്.
Source link