പാലക്കാട്: സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറായ ആളാണെന്ന് സി.പി.എം നേതാക്കളായ എം.വി ഗോവിന്ദനും എ.കെ.ബാലനും എം.ബി.രാജേഷും ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുണ്ട്. അത് ഞങ്ങളും ശരിവയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വെറുപ്പിന്റെ കടവിട്ട് സ്‌നേഹത്തിന്റെ കടയിലേക്ക് വരുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.സരിൻ പിണറായി വിജയനെതിരെ പറഞ്ഞതൊന്നും സന്ദീപ് വാര്യർ പറഞ്ഞിട്ടില്ല. ബി.ജെ.പിയിൽ കലാപം നടക്കുകയാണ്. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും ഹവാല ഇടപാടുകാരുടെയും നേതൃത്വമാണ് കേരളത്തിലെ ബി.ജെ.പിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദാര്യത്തിൽ നിൽക്കുന്ന ആളാണ് കേരളത്തിലെ ബി.ജെ.പി അദ്ധ്യക്ഷൻ. മുഖ്യമന്ത്രിയുടെ കേസുകളിൽ സഹായിച്ചതിന് പകരമായി കൊടകര കുഴൽപ്പണ കേസിൽ പ്രതിയാകേണ്ട കെ.സുരേന്ദ്രൻ സാക്ഷിയായി. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ കുറ്റപത്രം വൈകിപ്പിച്ച് സുരേന്ദ്രനെ രക്ഷപ്പെടുത്തി. രണ്ടു കേസുകളിലാണ് പിണറായി വിജയൻ സുരേന്ദ്രനോട് നന്ദി കാട്ടിയത്.
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ യു.ഡി.എഫ് താലോലിക്കില്ല. വോട്ട് കിട്ടുന്നതിനു വേണ്ടി ഒരാളെയും സുഖിപ്പിക്കില്ല. മതേതരത്വ നിലപാടാണ് യു.ഡി.എഫിന്റേത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ന്യൂനപക്ഷ പ്രീണനമാണ് നടത്തിയത്. ന്യൂപക്ഷ വോട്ട് കിട്ടാതെ വന്നപ്പോൾ ഭൂരിപക്ഷത്തിനു പിന്നാലെയായി. ഓന്ത് നിറം മാറുന്നതു പോലെ നയം മാറ്റുന്ന സമീപനം കോൺഗ്രസിനോ യു.ഡി.എഫിനോ ഇല്ല. സി.പി.എം സഹായത്തോടെ മതങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിന് യു.ഡി.എഫ് കൂട്ടുനിൽക്കില്ല. വർഗീയതയുടെ ക്യാമ്പ് വിട്ട് മതേതരത്വത്തിന്റെ ക്യാമ്പിലേക്ക് വരുന്ന സന്ദീപ് വാര്യരെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നും പാലക്കാട് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Source link