KERALAM

ജെസി മടങ്ങി, മോഹനടുത്തേക്ക്

ബി.ഉണ്ണിക്കണ്ണൻ | Saturday 16 November, 2024 | 12:58 AM

കൊല്ലം: ‘മോഹനില്ലാത്ത ലോകത്ത് ഞാൻ എങ്ങനെ ജീവിക്കും”- അഞ്ചുമാസം മുമ്പ് നാടക നടനായ ഭർത്താവ് തേവലക്കര മോഹൻ മരിച്ചപ്പോൾ ജെസി മോഹൻ സഹപ്രവർത്തകരോട് വിങ്ങിപ്പൊട്ടി. ആ വാക്കുകൾ അറംപറ്റും പോലെയാണ് ഇന്നലെ പുലർച്ചെ കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ ജെസി മോഹൻ (58) മരിച്ചത്.

നാടകത്തിലെ പ്രണയമാണ് തേവലക്കര മോഹനെയും ജെസിയെയും ജീവിതത്തിലും ഒരുമിപ്പിച്ചത്. കൊല്ലം ഉദയയുടെ ‘പടയൊരുക്കം” എന്ന നാടകത്തിലാണ് ഇരുവരും ആദ്യം ഒന്നിച്ചത്. ഉദയയുടെ അടുത്ത നാടകമായ ‘പമ്പമേള”ത്തിലെ പ്രധാന കഥാപാത്രങ്ങളായ ജോസഫും സീതയുമായി മോഹനും ജെസിയും മാറി. വ്യത്യസ്ത മതത്തിലുള്ള ജോസഫും സീതയും തമ്മിലുള്ള പ്രണയമായിരുന്നു പ്രമേയം. വൈകാതെ തേവലക്കരക്കാരൻ മോഹനും ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശി ജെസിയും ജീവിതത്തിലും ഒന്നിച്ചു. ജോസഫിനെയും സീതയെയും സൃഷ്ടിച്ച നാടക രചയിതാവ് അഡ്വ. മണിലാലാണ് ഇരുവരെയും ഒരുമിപ്പിച്ചത്.

 നാടകത്തിനായി വീടും സ്ഥലവും വിറ്റു

കാഥികൻ കൊല്ലം ബാബുവിന്റെ നാടക ട്രൂപ്പായ കൊല്ലം യവന 90കളിൽ തുടർച്ചയായി അരങ്ങിലെത്തിച്ച ഒട്ടുമിക്ക നാടകങ്ങളിലെയും നായികനായകന്മാരായി മോഹനും ജെസിയും. ഇതിനിടെ ഇരുവരും ബാലെകൾക്കും സീരിയലുകൾക്കും ഡബ്ബ് ചെയ്യാനും പോയിരുന്നു. ഒടുവിൽ നാടകം ജീവിതത്തിൽ പ്രാരാബ്ധങ്ങൾ നിറച്ചു. തുടർന്ന് തേവലക്കരയിലെ വീടും സ്ഥലവും വിറ്റു. ബാല്യകാല സുഹൃത്തായ ശിവൻ കേദാരവുമായി ചേർന്ന് തേവലക്കര മോഹനാരംഭിച്ച ‘കൊല്ലം സ്വാതി” സമിതി ഏറ്റെടുത്ത് നടത്തിയിട്ടും ജീവിതം പച്ചപിടിച്ചില്ല. പിന്നെ വാടക വീടുകൾ മാറിമാറി താമസിക്കുന്നതിനിടയിലാണ് മോഹൻ ഓർമ്മയായത്.


Source link

Related Articles

Back to top button