ഹേമ കമ്മിറ്റി: കുറ്റക്കാർക്കെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

ന്യൂഡൽഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ മൊഴികൾ പ്രകാരം പ്രഥമദൃഷ്‌ട്യാ കുറ്റം നടന്നുവെന്നത് വ്യക്തമാണെന്ന് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

മലയാള സിനിമാ മേഖലയിൽ ഇരകൾ നേരിട്ട അതിക്രമങ്ങൾ സംബന്ധിച്ചാണ് മൊഴികൾ. ക്രിമിനൽ കേസുകളിൽ ഇരകൾക്ക് സഹായകമായി നടപടിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സമൂഹത്തിലെ ക്രമസമാധാനം സംരക്ഷിക്കാൻ അത് ആവശ്യമാണെന്നും അഭിഭാഷകൻ നിഷെ രാജൻ ശങ്കർ മുഖേന സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി. കേസുമായി മുന്നോട്ടുപോകാൻ ഇരകൾക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്നത് അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ ഇരകളുടെ മൊഴിയിൽ കേസെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ നി‌ർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. നവംബർ 19ന് സുപ്രീകോടതി പരിഗണിച്ചേക്കും.

നാൽപതോളം സംഭവങ്ങൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ചപ്പോൾ നാൽപ്പതോളം സംഭവങ്ങൾ ഉണ്ടായതായി ബോദ്ധ്യപ്പെട്ടു. കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ തെറ്റില്ല. ഹർജി നൽകാൻ പരാതിക്കാരന് അവകാശമില്ല. ഹർജിക്ക് പിന്നിൽ ഗൂഢലക്ഷ്യമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

# ഇതുവരെ 26 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തു

എട്ടു കേസുകളിൽ പ്രതികളുടെ പേരുകൾ ചേർത്തു

ബാക്കി 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നു

10 പേരുടെ മൊഴികളിൽ പ്രാഥമിക അന്വേഷണം നടക്കുന്നു. ഇതു രണ്ടാഴ്ച കൊണ്ട് പൂർത്തിയാക്കും.


Source link
Exit mobile version