പ്രവാസിയുടെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയുമായി സൗഹൃദം; വിവാഹാഭ്യർത്ഥന നിരസിച്ചതോടെ പ്രതികാരം
അത്തോളി: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവിനായി തെരച്ചിൽ തുടരുന്നു. അത്തോളി സഹകരണ ആശുപത്രിക്കു സമീപം വാടകയ്‌ക്ക് താമസിക്കുന്ന മഷൂദാണ് (33) കത്തി വീശിയത്. അക്രമത്തിൽ അത്തോളി സഹകരണ ആശുപത്രിക്കു സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിനിക്ക് പരിക്കേറ്റു. ഇവർ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി 7.30നായിരുന്നു സംഭവം. അത്താണിയിലെ കടയിലെ ജീവനക്കാരിയാണ് യുവതി. അത്താണി കൊങ്ങന്നൂർ റോഡ് ജംഗ്ഷനിലെ മത്സ്യക്കടയിലെ തൊഴിലാളിയായിരുന്നു മഷൂദ്. അതിനിടെ യുവതിയുമായി ഇയാൾ സൗഹൃദത്തിലായി. തുടർന്ന് മഷൂദ് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. ഇതേത്തുടർന്നായിരുന്നു ആക്രമണം.
വീടിന് മുന്നിൽ സ്‌കൂട്ടർ വച്ച ശേഷം മുന്നോട്ട് നടക്കവേ പിന്നിൽ നിന്ന് യുവതിയുടെ കഴുത്തിനു നേരെ മഷൂദ് കത്തി വീശുകയായിരുന്നുവെന്ന് അയൽവാസി പറഞ്ഞു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇവരുടെ ഭർത്താവ് പ്രവാസിയാണ്. ഇവർക്ക് പതിമൂന്നും ഏഴും വയസുള്ള രണ്ട് പെൺമക്കളുണ്ട്. യുവതിയുടെ പരാതിയിൽ മഷൂദിനെതിരെ അത്തോളി പൊലീസ് വധശ്രമത്തിന് കേസെടുത്തു.
Source link