ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം രജിസ്റ്രർ ചെയ്ത കേസാണിത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് 82-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ അന്വേഷണ ചുമതല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഒരു സ്വാകര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്തിൽ നിന്ന് താൻ ലെെംഗികാതിക്രമം നേരിട്ടുവെന്ന വിവരം ബംഗാളി നടി തുറന്നുപറഞ്ഞത്. 2009ൽ ‘പാലേരിമാണിക്യം’ സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തിൽ നിന്ന് ദുരനുഭവം നേരിട്ടെന്നാണ് നടി പറഞ്ഞത്.
‘അകലെയിലെ’ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചതെന്നാണ് നടി പരാതിയിൽ വ്യക്തമാക്കുന്നത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ. രഞ്ജിത്തിനെ രാവിലെ കണ്ടു. ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളിൽ തൊട്ടു. മുടിയിൽ തലോടി കഴുത്തിലേയ്ക്ക് സ്‌പർശനം നീണ്ടപ്പോൾ ഇറങ്ങിയോടി. ടാക്‌സി വിളിച്ച് ഹോട്ടലിലേക്ക് പോയി. ഹോട്ടൽ മുറിയിലേക്ക് കടന്നുവരുമോയെന്ന് ഭയപ്പെട്ട് രാത്രി ഉറങ്ങിയില്ല.
തിരിച്ചുപോകാൻ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. സ്വന്തം ചെലവിൽ തൊട്ടടുത്ത ദിവസം ബംഗാളിലേയ്ക്ക് മടങ്ങി. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. മലയാള സിനിമയിൽ പിന്നീട് അവസരം ലഭിച്ചില്ല. കേരളത്തിലേയ്ക്കും വന്നില്ല എന്നാണ് പരാതിയിൽ നടി പറഞ്ഞത്. എന്നാൽ നടിക്ക് ആ സിനിമയിൽ അവസരം കിട്ടാത്തതുകൊണ്ടായിരിക്കാം ഇത്തരമൊരു ആരോപണം എന്നായിരുന്നു രഞ്ജിത്തിന്റെ വാദം.
Source link