സന്ദീപ് കോൺഗ്രസിൽ നീണാൾ വാഴട്ടെ, വലിയ കസേരകൾ കിട്ടട്ടെയെന്ന് പരിഹസിച്ച് കെ സുരേന്ദ്രൻ
പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിൽ ചേരാൻ സന്ദീപ് തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ പിറ്റേദിവസമാണ് സന്ദീപിനെ കോൺഗ്രസിൽ ചേർത്തതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്ടെ വോട്ടർമാർക്ക് ഇക്കാര്യം ശരിയായ രീതിയിൽ ഉൾകൊള്ളാൻ കഴിയട്ടെ. ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഉണ്ടായത്. ഇതൊരു അപ്രസക്തമായ തിരക്കഥയാണ്. തിരഞ്ഞെടുപ്പിലോ ബിജെപിക്കകത്തോ ഇത് ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ല. ഈ കോൺഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കില്ല.
സന്ദീപിനെതിരെ നേരത്തെയും പാർട്ടി നടപടിയെടുത്തിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതുകൊണ്ടായിരുന്നില്ല അത്. ആ നടപടിയുടെ കാര്യങ്ങൾ അന്ന് പുറത്തുപറയാതിരുന്നത് ഒരു രാഷ്‌ട്രീയ പാർട്ടി പുലർത്തേണ്ട സാമാന്യ മര്യാദയുടെ പേരിലാണ്. അതിനാൽ തന്നെ വി ഡി സതീശനും കെ സുധാകരനും എല്ലാ ആശംസകളും നേരുന്നു. സന്ദീപ് കോൺഗ്രസിൽ നീണാൾ വാഴട്ടെ. സന്ദീപിനെ മുറുകെ പിടിക്കാൻ അവരോട് അഭ്യർത്ഥിക്കുകയാണ്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്ന് തരിപ്പണമാകും. കസേര കിട്ടാത്തതുകൊണ്ടാണോ അദ്ദേഹം പുറത്തുപോയതെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കോൺഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമാണെന്നാണ് സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രൻ നടത്തുന്ന അഡ്‌ജസ്‌റ്റ്‌മെന്റുകളെ എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Source link