ഇരകളാകുന്നത് കുട്ടികൾ; കൊച്ചിയിലെ 110 സ്ഥാപനങ്ങൾക്കെതിരെ നടപടി, മറുനാടുകളിൽ നിന്നെത്തിച്ചവ വില്ലനാകുന്നു

കൊച്ചി: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്‌തുക്കൾ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തിയ 110 സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികൾ ആരംഭിച്ചു. സംസ്ഥാന വ്യാപകമായി 2023 ഏപ്രിൽ മുതൽ 2024 ജനുവരി വരെ നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് നടപടി. ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റങ്ങളാണ് കണ്ടെത്തിയത്.

പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം ഉടമകളെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷം പിഴത്തുക നിശ്ചയിക്കും. ട്രഷറി വഴിയാകും പിഴ ഈടാക്കുകയെന്ന് അധികൃതർ പറഞ്ഞു. സ്‌കൂൾ പരിസരങ്ങളിൽ മിഠായികളിലും സിപ് അപുകളിലും കൃത്രിമനിറം ചേർത്ത് വിൽക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായായിരുന്നു നടപടി. ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച് വർഷങ്ങളായി പരാതികൾ വരുന്നുണ്ട്. സ്‌കൂൾ പരിസരത്ത് വിൽക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. മിഠായികൾ, ശീതളപാനീയങ്ങൾ, ഐസ്‌ക്രീമുകൾ, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്.

കുട്ടികളെ അടിമകളാക്കുന്നു

മറുനാടുകളിൽ നിന്നെത്തിച്ച് ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനും ഗുണമേന്മാ പരിശോധനയുമില്ലാതെ വിൽക്കുന്ന ഭക്ഷണപദാർത്ഥകൾ നിരവധിയാണ്. സ്കൂൾ ഇടവേള സമയങ്ങളിൽ വിദ്യാ‌ർത്ഥികൾ ഇത്തരം കടകളിലെത്തി സിപ് അപ്, മിഠായികൾ, മധുരപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ വാങ്ങുന്നത് പതിവാണ്. പലകുട്ടികളും ഇതിന് അടിമകളാകുന്നുമുണ്ട്. ഇതിനെതിരെയാണ് സംസ്ഥാനത്താകെ വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. കൃത്രിമ നിറങ്ങളും ഗുണനിലവാരമില്ലാത്ത സാഹചര്യങ്ങളിൽ നിർമ്മിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും.

നടപടി

1. സ്‌കൂൾ പരിസരങ്ങളിലെ കടയുടമകൾ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്.

2. പരിശോധനയിൽ കടകളിൽ ലഭ്യമായ ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പൂർണമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

3. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയാൽ നിർമ്മിക്കുന്നവർ, മൊത്തവില്പനക്കാർ, വിതരണക്കാർ എന്നിവർക്കെതിരെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി എടുക്കും.

ആകെ സ്ക്വാഡുകൾ- 116

പരിശോധന-2972

കുറ്റം കണ്ടെത്തിയ സ്ഥാപനങ്ങൾ- 110

പരിഹരിക്കാൻ നോട്ടീസ് നൽകിയവ- 124

സാമ്പിൾ ശേഖരിച്ചവ- 721


സ്പെഷ്യൽ ഡ്രൈവിന് പുറമെ ഭൂരിഭാഗം ദിവസങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പരാതി ലഭിച്ചാലുടൻ നടപടി എടുക്കും. പിഴവുകൾ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നിയമനടപടി സ്വീകരിക്കും.

ജോസ് ലോറൻസ്

അസി. ഭക്ഷ്യസുരക്ഷാ കമ്മിഷ്ണർ

എറണാകുളം


Source link
Exit mobile version