ഇടുക്കി: ഭൗകസൂചികാ പദവി നേടിയ മറയൂർ ശർക്കരയുടെ വ്യാജൻമാർ തമിഴ്നാട്ടിൽ നിന്നെത്തി വിപണി കൈയടക്കുന്നു. മറയൂരിനടുത്ത് ഏകദേശം 50 കിലോമീറ്റർ ദൂരത്തിൽ തമിഴ്നാട്ടിലെ നെയ്ക്കാരപെട്ടി എന്ന ഗ്രാമത്തിലാണ് മറയൂർ വ്യാജന്റെ മൊത്ത വ്യാപാര കേന്ദ്രം. ഹൈഡ്രോസടക്കമുള്ള രാസവസ്തു ചേർത്താണ് നിർമ്മിക്കുന്നത്.
മറയൂർ ശർക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ്. കൈകൊണ്ട് ഉരുട്ടിയെടുക്കുന്നതിനാൽ കൈപ്പാട് തെളിഞ്ഞുകാണാം. ഇരുമ്പിന്റെ അംശവും കാത്സ്യവും കൂടുതലായിരിക്കും. സോഡിയത്തിന്റെ അളവും, കല്ല്, ചെളി മുതലായവയും കുറവായിരിക്കും. മധുരം കൂടുതലും ഉപ്പിന്റെ അംശം കുറവുമാണ് മറയൂരിന്റെ പെരുമ വർദ്ധിപ്പിക്കുന്നത്.
20 മുതൽ 25 ഏക്കറിൽ കൃഷി ചെയ്തിരുന്ന പല കർഷകരും ഇപ്പോൾ ഒന്നും രണ്ടും ഏക്കറിലേക്ക് ചുരുങ്ങി. നൂറിലധികം മറയൂർ ശർക്കര ഉത്പാദന യൂണിറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് പത്തിൽ താഴെ മാത്രം. ഭൗമസൂചിക പദവി ഉപയോഗിച്ച് നിയമാനുസൃതമായി ശർക്കര ഉത്പാദിപ്പിക്കുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഏകദേശം 10ഓളം ചെറുകിട ഉത്പാദന കേന്ദ്രങ്ങളും മറയൂർ കാന്തല്ലൂർ പ്രദേശങ്ങളിലുണ്ട്.
ഉത്പാദനത്തിന് 100 രൂപ പോര, വ്യാജന്റെ വില്പന 70ന്
# മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായി 2500ലധികം ഏക്കറിൽ കൃഷി ഉണ്ടായിരുന്നു. ഇപ്പോൾ, 500 ഏക്കറിൽ താഴെയായി.നൂറിൽ താഴെ കർഷകർമാത്രം.
# ഒരു കിലോ മറയൂർ ശർക്കര ഉത്പാദിപ്പിക്കാൻ 10 മുതൽ 12 കിലോ വരെ കരിമ്പ് വേണം. അതിനുള്ള വില ഏകദേശം 60 രൂപ. ഉത്പാദനച്ചെലവ് 34 മുതൽ 40 രൂപ വരെ. 5 ശതമാനം ജി.എസ്.ടിയും പായ്ക്കിംഗ് ചെലവും ചേർത്താൽ മൊത്തം 110രൂപക്ക് മുകളിൽ മുടക്കണം. അപ്പോഴാണ് 70 രൂപയ്ക്കും 80 രൂപയ്ക്കും വ്യാജൻ മാർക്കറ്റ് വാഴുന്നത്.
എളുപ്പമല്ല ഒറിജിനൽ
കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കും. യന്ത്രത്തിന്റെ സഹായത്തോടെ എടുത്ത നീര് വലിയ ഡ്രമ്മിൽ പകർത്തിവയ്ക്കും. മുകൾഭാഗത്തെ തെളിഞ്ഞ നീര് ശർക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റും. ഈ പാത്രം അടുപ്പിൽ വച്ചു ചൂടാക്കും. ചൂടാക്കാനായി കത്തിക്കുന്നത് നീരെടുത്ത ചണ്ടിയാണ്. ചൂടായി വരുമ്പോൾ കുറച്ച് കുമ്മായം ചേർക്കും. മുകളിലെ അഴുക്ക് കോരി നീക്കും. വെള്ളത്തിന്റെ അംശം മാറുമ്പോൾ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റും. ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുത്താൽ മറയൂർ ശർക്കരയായി.
‘ വ്യാജൻ സുലഭമായതോടെ മുമ്പ് ലഭിച്ചിരുന്ന ലാഭത്തിന്റെ പകുതിപോലും കിട്ടുന്നില്ല. ഉത്പാദന ചെലവും കൂടി. എല്ലാം കഴിഞ്ഞ് മിച്ചമൊന്നുമില്ല’
(ജോയി, കരിമ്പ് കർഷകൻ)
Source link