KERALAMLATEST NEWS

92ലും തോമസേട്ടന് പ്രിയം വായന

കോട്ടയം: സഞ്ചിനിറയെ പുസ്തകങ്ങളുമായി തോമസേട്ടന്റെ വരവ് മുക്കൂട്ടുതറ പബ്ളിക് ലൈബ്രറിയിലേക്കാണ്. വായിച്ചു തീർത്തവ തിരിച്ചുവച്ച് അത്രയുമെണ്ണം പുതിയതെടുത്ത് മടങ്ങും.

ആഴ്ചതോറും സഞ്ചിനിറയെ കഥയും കവിതയും നോവലും. ഈ 92കാരനു മാത്രം ലൈബ്രറിക്കാർ നൽകുന്ന അവകാശം.

എരുമേലി കൊല്ലമുള എഴുപതേക്കർ നടുവിലേപ്പറമ്പിൽ ഡി.തോമസ് പൊടിമീശ മുളച്ചകാലം മുതൽ പുസ്തക പ്രേമിയാണ്. നാട്ടിലെ വിഴിക്കത്തോട് ലൈബ്രറിയിൽ നിന്നാണ് തുടക്കം. ചേനപ്പാടിയിൽ മുൻകൈയെടുത്ത് ചെറിയ വായനശാലയുമുണ്ടാക്കി. കാഞ്ഞിരപ്പള്ളി ഗവ.ഹൈസ്കൂളിൽ നിന്ന് പത്താംക്ളാസ് പാസായി. പിന്നെ കൃഷിയിലേക്ക് തിരിഞ്ഞു. പക്ഷേ വായന വിട്ടില്ല. വിവാഹം കഴിഞ്ഞാണ് കൊല്ലമുളയിലേക്ക് കുടിയേറുന്നത്.

കൃഷിപ്പണിക്ക് ശേഷം പ്രാർത്ഥനയും അത്താഴവും കഴിഞ്ഞ് രാത്രി മൂന്നും നാലും മണിക്കൂർ വായന. ഇപ്പോൾ വിശ്രമ ജീവിതത്തിലും അതിന് മാറ്റമില്ല. പ്രതീക്ഷിച്ച പുസ്തകം കിട്ടിയില്ലെങ്കിൽ കിലോമീറ്റർ അകലെ കൊല്ലമുള പഞ്ചായത്ത് ലൈബ്രറിയിലും, ഇടകടത്തി ലൈബ്രറിയിലും പോയി എടുക്കും. മുക്കൂട്ടുതറ പബ്ളിക് ലൈബ്രറിയിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ്. ഭാര്യ : മേരിക്കുട്ടി. മക്കൾ: സെബാസ്റ്റ്യൻ, സൂനമ്മ, ലവ്‌ലമ്മ.

10,​ 000 പുസ്തകവും

കടന്ന് മുന്നോട്ട്

തോമസേട്ടൻ വായിച്ചു തീർത്തത് പതിനായിരത്തിലേറെ പുസ്തകങ്ങൾ. തകഴി,​ വൈക്കം,​ എം.ടി, കാരൂർ, സി.രാധാകൃഷ്ണൻ, മലയാറ്റൂർ, പൊൻകുന്നം…. പ്രിയപ്പെട്ട എഴുത്തുകാർ ആരൊക്കെയെന്ന് ചോദിച്ചാൽ ലിസ്റ്റ് നീളും. പുതുതലമുറയിൽ ബെന്യാമിന്റെയും സുധീഷിന്റെയുമൊക്കെ എഴുത്തും പെരുത്തിഷ്ടം. തോമസേട്ടനും ഇടയ്ക്ക് എഴുതാൻ ശ്രമിച്ചു. വായനപോലെ എളുപ്പമല്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ ഉപേക്ഷിച്ചു.

കാഴ്ചയ്ക്ക് മങ്ങൽ തുടങ്ങിയിട്ടുണ്ട്. പക്ഷേ,​ പിന്മാറില്ല. ആവുന്ന കാലത്തോളം വായന തുടരും

– നടുവിലേപ്പറമ്പിൽ തോമസ്


Source link

Related Articles

Back to top button