KERALAMLATEST NEWS

കാട്ടുവഴികളിലൂടെ സെെക്കിളിൽ സംഗീത സവാരി

ഡോ.കണ്ണൻ സി.എസ്. വാര്യർ സെെക്കിൾ സവാരിക്കിടെ

തൃശൂർ: പീച്ചി കാനനപ്പാതകളിലൂടെ പുലർച്ചെയുള്ള പതിവ് സൈക്കിൾ സവാരി വനഗവേഷണകേന്ദ്രം മേധാവി ഡോ.കണ്ണൻ സി.എസ്. വാര്യർക്ക് സംഗീത സാധന കൂടിയാണ്. പത്ത് കിലോമീറ്ററോളം നീളുന്ന സവാരിക്കിടെ മനസിൽ ഒരു പാട്ടിന്റെ ഈണം പിറക്കും. വീട്ടിലെത്തിയാൽ അത് മൊബൈലിൽ റെക്കാഡ് ചെയ്ത് പാട്ടെഴുത്തുകാർക്ക് അയയ്ക്കും. അങ്ങനെ ഈണം നൽകി ആലപിച്ച് യൂട്യൂബിൽ വൈറലാക്കിയത് നൂറിലേറെ ഗാനങ്ങൾ.

എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തിലാണ് സംഗീത സംവിധാനത്തിന്റെ തുടക്കം. ഫോറസ്ട്രിയിൽ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കിൽ പാസായി. അഞ്ച് തവണ കാർഷിക സർവകലാശാല കലാപ്രതിഭയായി. ഗിറ്റാർ, മൃദംഗം, ഹാർമോണിയം, ഇടക്ക എന്നിവയും വായിക്കും.

സുഹൃത്തുക്കളുടെ വരികൾക്കാണ് ഈണമിടുന്നത്. മാസം രണ്ട് പാട്ടെങ്കിലും ഇറക്കും. ഔദ്യോഗിക ജോലികൾക്ക് ശേഷമാണ് സംഗീതം. പ്രണയഗാനങ്ങളാണ് കൂടുതലും. ഓണം, നവരാത്രി, മണ്ഡലകാലം, ക്രിസ്‌മസ് ഭക്തിഗാനങ്ങളും ചെയ്യും. ‘ദശപുഷ്പം’ ഭക്തിഗാന ആൽബവും ‘ലളിതം’ കർണ്ണാടക സംഗീത ആൽബവും ഇറക്കിയിട്ടുണ്ട്. സംസ്ഥാന യുവജനോത്സവത്തിൽ പത്ത് വർഷത്തോളം വിധികർത്താവായി. അമ്മ ശ്രീദേവി വാര്യരാണ് ആദ്യഗുരു. പിതാവ് പ്രൊഫ.എൻ.എം.സി.വാര്യരും പാട്ടുകൾ എഴുതിയിരുന്നു.

ഹിറ്റായി കാടറിവ്

നാലുവർഷം മുൻപ് വനമഹോത്സവത്തിൽ ഹിറ്റായ വനംവകുപ്പിന്റെ തീം സോംഗ് ‘കാടറിവ്’ പി.ജയചന്ദ്രനാണ് ആലപിച്ചത്. ഐക്യരാഷ്ട്രസഭ ബാങ്കോക്കിൽ നടത്തിയ ബോധവത്കരണത്തിൽ ‘തടിയിൽ നിന്ന് സംഗീതം’ അവതരിപ്പിച്ചു. കേന്ദ്രവനം മന്ത്രാലയത്തിന് വേണ്ടി യജുർവേദം ആസ്പദമാക്കി ഈണമിട്ട് ആലപിച്ച പ്രകൃതിവന്ദനം രാജ്യാന്തര ശ്രദ്ധ നേടി.

വനശാസ്ത്രത്തിൽ മുന്നൂറിലേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച വനശാസ്ത്ര ഗവേഷകനുള്ള ദേശീയ പുരസ്‌കാരവും കാവുകളെക്കുറിച്ചുള്ള പഠനത്തിന് റോള എസ്. റാവു ദേശീയ പുരസ്‌കാരവും നേടി. ഒരു പേറ്റന്റും ലഭിച്ചു.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. എൻജിനീയറിംഗ് വിദ്യാർത്ഥികളായ മക്കൾ അമൃത് വാര്യരും അനിരുദ്ധ് വാര്യരും സംഗീതത്തിൽ സജീവമാണ്. ഭാര്യ ഡോ.രേഖ വാര്യർ കോയമ്പത്തൂരിലെ ഐ.എഫ്.ജി.ടി.ബിയിൽ ചീഫ് സയന്റിസ്റ്റാണ്.

പാട്ടുകൾക്ക് ഈണമിടുന്നതോടൊപ്പം വനഗവേഷണ കേന്ദ്രത്തിൽ കലാ സാംസ്‌കാരിക കൂട്ടായ്മകൾ നടത്തണമെന്നാണ് ആഗ്രഹം.

ഡോ.കണ്ണൻ സി.എസ്. വാര്യർ.


Source link

Related Articles

Back to top button