ദർശനപ്രഭയിൽ ശബരിമല നട തുറന്നു, മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം
ശബരിമല: ശബരീശന്റെ നട തുറന്നു. മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം. ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ. ശബരിമലയിൽ പുതിയ മേൽശാന്തിമാർ ചുമതലയേറ്റു. പതിനെട്ടാം പടിക്കുതാഴെ ഹോമകുണ്ഡത്തിൽ ദീപപ്രഭ തെളിഞ്ഞു. ഇന്നലെ പതിനായിരങ്ങൾ ദർശനം നടത്തി.
ഇന്നലെ വൈകിട്ട് 4ന് കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചതോടെ സന്നിധാനം ശരണാരവത്തിലലിഞ്ഞു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു. ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന പുതിയ ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.
അരുൺകുമാർ നമ്പൂതിരിയെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തി. ശ്രീകോവിലിനുള്ളിൽ അയ്യപ്പ വിഗ്രഹത്തിന് സമീപമിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുത്തു. മാളികപ്പുറത്ത് നടന്ന ചടങ്ങിൽ വാസുദേവൻ നമ്പൂതിരിയെ മേൽശാന്തിയായി അവരോധിച്ചു. മന്ത്രി വി.എൻ.വാസവൻ, എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, അഡ്വ.പ്രമോദ് നാരായൺ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു എന്നിവർ സന്നിഹിതരായിരുന്നു.
രാത്രി നട അടച്ചശേഷം പുറപ്പെടാ ശാന്തിമാരായിരുന്ന മഹേഷ് നമ്പൂതിരിയും പി.ജി.മുരളിയും പതിനെട്ടാംപടി ഇറങ്ങി വീടുകളിലേക്ക് മടങ്ങി. ഇന്നലെ പ്രത്യേക പൂജകളുണ്ടായിരുന്നില്ല.
ഇന്ന് പുലർച്ചെ 3ന് മണ്ഡലകാല പൂജകൾക്കായി പുതിയ മേൽശാന്തിമാരാണ് ക്ഷേത്ര നടകൾ തുറക്കുക. ഡിസംബർ 26നാണ് മണ്ഡലപൂജ.
ഇന്നലെ എത്തിയത്
35,000ത്തോളം പേർ
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗിലൂടെ ഇന്നലെ ഇതര സംസ്ഥാന ഭക്തരടക്കം ദർശനത്തിനെത്തിയത് 35,000ത്തോളം പേർ. വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 10,000 പേർക്കുമാണ് ഒരുദിവസം ദർശനം അനുവദിക്കുക.
പദ്മനാഭ സ്വാമിക്ഷേത്രം;
ദർശനസമയം
തിരുവനന്തപുരം: ശബരിമല മണ്ഡലകാലം പ്രമാണിച്ച് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന സമയം പുനഃക്രമീകരിച്ചു. പുലർച്ചെ 3.30 മുതൽ 4.45 വരെ. തുടർന്ന് രാവിലെ 6.30- 7, 8.30-10, 10.30-11.15, 12- 12.30 വരെ. വൈകിട്ട് 4.30 മുതൽ 6.15 വരെയും 6.45 മുതൽ 7.20 വരെയും.
Source link