കണ്ണൂർ: കേളകത്ത് നടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് രാവിലെ എട്ട് മണി മുതൽ കായംകുളം കെപിഎസിയിൽ പൊതുദർശനം നടക്കും. സഹപ്രവർത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും. പൊതുദർശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിക്കും. സംസ്‌കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും. ജെസിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. മുളങ്കാട് പൊതുശ്‌മശാനത്തിൽ ആണ് സംസ്കാരം നടക്കുക.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ എറണാകുളം സ്വദേശികളായ ഉമേഷ് (39), ബിന്ദു (56), സുരേഷ് (60), വിജയകുമാർ (52), കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ (43), കായംകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കൽ സ്വദേശി സുഭാഷ് (59),മുഹമ്മ സ്വദേശി സജിമോൻ, ചേർത്തല മറ്റവന സ്വദേശി സാബു, കൊല്ലം പന്മന സ്വദേശി അജയകുമാർ എന്നിവർ ചികിത്സയിലാണ്.
ചിലരുടെ പരിക്ക് ഗുരുതരമാണ്.ജെസി മോഹന്റെ ഭർത്താവും നാടക നടനുമായിരുന്ന തേവലക്കര മോഹൻ അഞ്ചുമാസം മുമ്പാണ് മരിച്ചത്. മകൾ: സ്വാതി മോഹൻ. മരുമകൻ: അനു. അഞ്ജലിക്ക് ഒരു മകനുണ്ട്. മൂന്നരവയസുകാരൻ ഡ്രോൺ. ഭർത്താവ് ശ്രീകൃഷ്ണൻ നാടക നടനാണ്.
Source link