വെറും ചിത്രമല്ല, ആവശ്യക്കാർ വിദേശത്ത് നിന്ന് വരെ; നൂൽ വരയിലൂടെ സോഷ്യൽ മീഡിയയിൽ സ്റ്റാറായി അനില

ഗാന്ധിജി, ഇന്ദിരാ ഗാന്ധി, അംബേദ്കർ, കലാഭവൻ മണി, ജയൻ, തിലകൻ തുടങ്ങിയവരുടെ ചിരി നൂലിലൂടെ പകർത്തി നമ്മുടെ മുന്നിലെത്തിക്കുകയാണ് പാലക്കാട് സ്വദേശിയായ എ അനില അനിൽകുമാർ. ചെറുപ്പകാലത്ത് ജ്യാമിതീയ രൂപങ്ങളോട് തോന്നിയ ഇഷ്ടമാണ് അനിലയെ ‘സ്ട്രിംഗ് പോർട്രെെറ്റ് ആർട്ടി’ലെത്തിച്ചത്.
ആണികളിലൂടെ നൂൽ വച്ചാണ് മനോഹരമായ ചിത്രങ്ങൾ അനില വരയ്ക്കുന്നത്. ഒന്നും രണ്ടുമല്ല ചില വരകൾ പൂർത്തിയാക്കാൻ ആറ് മാസത്തോളം കഠിനാധ്വാനം ചെയ്യേണ്ടിവരും. പ്ലെെവുഡ് പ്രതലത്തിൽ ചിത്രം വരച്ച ശേഷം അതിന് ചുറ്റും ആണികളടിച്ച് അതിൽ നെെലോൺ നൂലുകൾ കൊണ്ടാണ് ചിത്രം പൂർത്തിയാക്കുന്നത്. ഇതിനോടകം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡും ഈ 25കാരി സ്വന്തമാക്കി കഴിഞ്ഞു.
പാലക്കാട് എളവമ്പാടത്തെ അനിൽ കുമാറിന്റെയും സുജ അനിൽകുമാറിന്റെ മകളാണ് അനില. ആദിത്യകുമാർ എന്ന ഒരു അനുജനുമുണ്ട്. അച്ഛനും അനിയനും നന്നായി വരയ്ക്കുന്നവരാണ്. കോഴിക്കോട് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജൂനിയർ ആർക്കിടെക്ക് ആയി ജോലി ചെയ്യുന്ന 25കാരിയായ അനില ഇപ്പോഴും ഒഴിവുവേളകളിൽ ഈ വിനോദത്തെ നെഞ്ചോട് ചേർക്കുന്നു.
ചെറുപ്പകാലം മുതൽ
ആറാം ക്ലാസ് മുതലെ അത്യാവശ്യം വരയ്ക്കുന്ന കൂട്ടത്തിലായിരുന്നു. സ്കൂൾ കാലത്ത് ജ്യാമിതീയ രൂപങ്ങൾ വരയ്ക്കുന്ന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെ നിന്ന് സ്ട്രിംഗ് പോർട്രെെറ്റ് ആർട്ടിനോട് ഇഷ്ടം തോന്നി. സോഷ്യൽ മീഡിയ വഴിയാണ് സ്ട്രിംഗ് പോർട്രെെറ്റ് പഠിച്ചത്.
ചിത്രങ്ങൾ
ഇതുവരെ നിരവധി ചിത്രങ്ങളാണ് വരച്ചത്. ആദ്യം വരച്ചത് മലാലയായിരുന്നു. ഏതുചിത്രമാണോ വരയ്ക്കാൻ ഉദ്ദേശിക്കുന്നത് അവ വരച്ചശേഷം അതിന്റെ വലിപ്പത്തിനനുസരിച്ച് പ്ലെെവുഡ് പ്രതലത്തിൽ ആണിയടിക്കുന്നു. ചിത്രത്തിന് കൂടുതൽ വ്യക്തത വരാൻ കൂടുതൽ ആണിയടിക്കുന്നത് നല്ലതാണ്. മാസങ്ങൾ എടുത്താണ് ഒരു ചിത്രം പൂർത്തിയാക്കുന്നത്.
വാങ്ങാൻ നിരവധി പേർ
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ കണ്ട് വാങ്ങാൻ വിദേശികളടക്കം സമീപിക്കാറുണ്ട്. ഓർഡർ ചെയ്യുപ്പോൾ അടയച്ചുകൊടുക്കുകയാണ് പതിവ്. ചിത്രത്തിന് അനുസരിച്ചാണ് അതിന്റെ വില നിശ്ചയിക്കുന്നത്. ആർക്കിടെക്ക്ച്ചർ എനിക്ക് വളെര ഇഷ്ടമുള്ള ഒരു മേഖലയാണ്. അതും സ്ട്രിംഗ് പോർട്രെെറ്റും ഒരുപോലെ കൊണ്ടുപോകാനാണ് എനിക്കിഷ്ടം.
Source link