‘എൽ ഡി എഫിലേക്ക് വന്നത് സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായല്ല, സരിൻ മുന്നോട്ടുവെച്ചത് മറ്റൊരു കാര്യം’

പാലക്കാട് : പി .സരിൻ സ്ഥാനമോഹിയന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. സരിൻ ഒരിക്കലും സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് വന്നതല്ല. സരിനെ പാർട്ടിയുടെ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനമോഹിയാണെങ്കിൽ ഭരണഘടനാ സ്ഥാപനമായ സി ആൻഡ് എ.ജിയിൽ മികച്ച ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ വരേണ്ട കാര്യം സരിന് ഉണ്ടായിരുന്നില്ല. അവിടെ തന്നെ ഉന്നത സ്ഥാനത്ത് വിരമിക്കാൻ കഴിയുമായിരുന്നു.

സി.പി.എമ്മുമായി സഹകരിക്കുമ്പോൾ സരിൻ ആവശ്യപ്പെട്ടത് തന്റെ കഴിവിനേയും സാദ്ധ്യതകളേയും ഉപയോഗപ്പെടുത്തുമെന്ന ഉറപ്പ് മാത്രമാണെന്നും അല്ലാതെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന ധാരണയിലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. എന്നാൽ അവിടെ അതല്ല സ്ഥിതി എന്ന് മനസ്സിലാക്കിയാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. സരിൻ മിടുക്കനായ സ്ഥാനാർത്ഥിയാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. ഇക്കാര്യം കെ മുരളീധരനും ശശി തരൂരും പോലും പരസ്യമായി പറഞ്ഞുകഴിഞ്ഞതാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നു.

പാലക്കാട് ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലേക്ക്

എൽ.ഡി.എഫിനെ സംബന്ധിച്ച് ഓരോ ദിവസം കഴിയുംതോറും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതരത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി സരിന് സ്വീകാര്യത വർദ്ധിച്ച് വരികയാണ്. നല്ല സംഘടനാ പ്രവർത്തനവും ബൂത്ത് അടിസ്ഥാനം മുതൽ നേരിട്ട് കണ്ട് വോട്ടർമാരേ കാര്യങ്ങൾ ധരിപ്പിക്കാൻ കഴിഞ്ഞു. മണ്ഡലത്തിൽ ആകെ യു.ഡി.എഫും ബി.ജെ.പിയും നടത്തിയ ദുഷ്പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു. രണ്ട് പാർട്ടികളും വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തു. മലമ്പുഴ, ഒറ്റപ്പാലം ആലത്തൂർ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത കോൺഗ്രസ് പ്രവർത്തകരെ വോട്ടർപട്ടികയിൽ ചേർത്തിരിക്കുന്നു. അട്ടിമറി വിജയമുണ്ടാക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ഈ നീക്കം നടത്തിയത്. ഇത്തരത്തിൽ പേര് ചേർത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. വ്യാജ പേര് ചേർത്തവരെ നിയമപരമായി നേരിടും. ജയം സാദ്ധ്യമല്ലെന്ന് കണ്ടപ്പോൾ ഉള്ള വേവലാതിയിലാണ് കോൺഗ്രസും ബി.ജെ.പിയും ഇത് ചെയ്യന്നത്.

പാലക്കാട് നഗരസഭയിൽ സിറ്റിംഗ് എം.എൽ.എ കഴിഞ്ഞ 13 വർഷമായി കോൺഗ്രസിന്റേതാണ്. ബി.ജെ.പിയാണ് നഗരസഭ ഭരിക്കുന്നത്. നഗര പ്രദേശം ഒരു മാലിന്യകൂമ്പാരമായി മാറിക്കഴിഞ്ഞു. രണ്ട് ദിവസം മഴ പെയ്താൽ വെള്ളക്കെട്ടാണ്. ഇതിനൊന്നും ഒരു പരിഹാരവും രണ്ട് കക്ഷികളും ചെയ്തില്ല. ഇപ്പോൾ ആ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരും മന്ത്രി എം.ബി .രജേഷും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുകയാണ്.

പാലക്കാട് ടൗൺഹാൾ ഒരു ഭാർഗവീനിലയമായി കിടക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള സ്റ്റേഡിയത്തിലും അവസ്ഥ പരിതാപകരമാണ്. ബസ് സ്റ്റേഷൻ പൂർണമായി തകർന്ന് കിടക്കുകയാണ്. നാടിനെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളിലും രണ്ട് കൂട്ടരും ഇടപെടുന്നില്ല. നഗരസഭയുടെ ഭൂരിഭാഗം റോഡുകളും തകർന്ന അവസഥയാണ്.

കൃഷ്ണകുമാറും ഷാഫിയും തമ്മിലാണ് ഡീലുള്ളത്. അതിന്റെ ഭാഗമായിട്ടാണ് ഷാഫി വടകരയിലേക്ക് പോയതും മുരളീധരനെ തൃശൂരിലേക്ക് അയച്ചതും. ഷാഫി മത്സരിക്കുമ്പോൾ മലമ്പുഴ തിരഞ്ഞെടുക്കുകയും ഷാഫി ഇല്ലാത്തപ്പോൾ പാലക്കാട്ടേക്ക് വരുന്നു. ഇതാണ് കൃഷ്ണകുമാർ ചെയ്യുന്നത്. എവിടെ മത്സരിച്ചാലും വിജയിക്കുന്ന നേതാവെന്ന് അവകാശപ്പെടുന്ന ഷാഫി വിചാരിച്ചാൽ പാലക്കാട് നഗരസഭ പിടിച്ചെടുക്കാൻ കഴിയില്ലായിരുന്നോ? അതാണ് ഡീൽ. നഗരസഭ ബി.ജെ.പിക്കും നിയമസഭാ മണ്ഡലം കോൺഗ്രസിനും എന്ന ഡീലാണ് കൃഷ്ണകുമാറും ഷാഫിയും തമ്മിലുള്ളത്.

രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു ജില്ലയിൽ നിന്ന് വന്ന സ്ഥാനാർത്ഥിയാണ്, പക്ഷേ ആ കാര്യത്തിൽ സി.പി.എമ്മിന് എതിർപ്പൊന്നുമില്ല. പക്ഷേ കോൺഗ്രസിന് ഉള്ളിൽ പൊട്ടിത്തെറിയുണ്ട്. യു.ഡിഎഫിനെ സംബന്ധിച്ച് അവർ പാലക്കാട് ജില്ലയിൽ സ്ഥിരമായി വിജയിക്കുന്ന രണ്ട് മണ്ഡലങ്ങളാണുള്ളത്. മണ്ണാർക്കാടും, പാലക്കാടും. അതിൽ തന്നെ കോൺഗ്രസ് മത്സരിക്കുന്നത് പാലക്കാട് മാത്രമാണ്. മറ്റിടത്ത് ലീഗാണ്. അപ്പോൾ ജയസാദ്ധ്യതയുള്ള സീറ്റിൽ പാർട്ടിക്കായി പണിയെടുക്കുന്നവരെ മത്സരിപ്പിക്കില്ലെന്ന നിലപാട് പല സാധാരണ പ്രവർത്തകർക്കിടയിലും എതിർപ്പുണ്ടാക്കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി തീരുമാനിച്ച പേര് പോലും ഷാഫിക്ക് വേണ്ടി തള്ളുകയാണ് ചെയ്തത്.


Source link
Exit mobile version