KERALAM

‘ പാലക്കാട്ട് മത്സരം സൃഷ്ടിക്കാൻ ബി ജെ പിക്കും സി പി എമ്മിനും കഴിഞ്ഞിട്ടില്ല ‘ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പ്രവചിച്ച് ഡി സി സി

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പ്രവചിച്ച് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു വെല്ലുവിളിയും സൃഷ്ടിക്കാൻ ബി,ജെ,പിക്കോ സി,പി,എമ്മിനോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. സരിൻ പോയത് കൊണ്ട് കോൺഗ്രസ് വോട്ട് പോകുകയല്ല മറിച്ച് സിപിഎം വോട്ട് കോൺഗ്രസിന് കിട്ടുകയാണ് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടെന്നത് മാദ്ധ്യമങ്ങൾ കോൺഗ്രസിന് എതിരല്ലെന്ന് കണ്ടപ്പോൾ പറഞ്ഞുപരത്തിയതാണെന്നും അദ്ദേഹം പറയുന്നു.

കോൺഗ്രസിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയും ഇല്ലായിരുന്നുവെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുൻപ് തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. പഴുതടച്ചുള്ള പ്രചാരണം നടത്തിയാണ് മുന്നോട്ടുപോയത്. ഒരു വെല്ലുവിളിയും തോന്നിയിരുന്നില്ല. വലിയ ഭൂരിപക്ഷവുമായി മുന്നോട്ട് പോകും. സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും എതിരെയുളള ജനവകാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത്. 15,000ൽ അധികം വോട്ടുകൾക്ക് പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന് തങ്കപ്പൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോൺഗ്രസിന്റെ ഒരു വോട്ടും സരിന് കിട്ടില്ല സരിൻ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയതുകൊണ്ട് അവിടുത്തെ വോട്ട് ഇങ്ങോട്ട് വരാൻ പോകുകയാണ്. പാലക്കാട് നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലും കോൺഗ്രസിന് വലിയ ലീഡ് കിട്ടുമെന്ന് ഉറപ്പിച്ച് പറയാം. സി.പി.എമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ട്. അങ്ങനെയാണ് തിരഞ്ഞെടുപ്പ് രംഗത്ത് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുലിന്റെ പേര് പറഞ്ഞ് തന്നെയാണ് കെ മുരളീധരൻ വോട്ട് ചോദിച്ചത്. ഷാഫി കഴിഞ്ഞതവണ വിജയിച്ചത് സി.പി.എം വോട്ട് കൊണ്ടല്ല യു.ഡി.എഫ് വിജയിച്ചത്. ഷാഫിക്ക് മറ്റ് പാർട്ടികളുടെ വോട്ട് കിട്ടിയിട്ടില്ല. മൂന്ന് തിരഞ്ഞെടുപ്പ് നോക്കിയാലും ഷാഫിക്ക് വോട്ട് കുറയുകയാണ് ചെയ്തത്. എന്നാൽ സി.പി.എം തോൽക്കുമ്പോൾ സ്ഥിരമായി പറയുന്നതാണ് ബി.ജെ.പി വിജയിക്കാതിരിക്കാൻ ഷാഫിക്ക് വോട്ട് ചെയ്തുവെന്ന്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പല പേരുകളും ചർച്ച ചെയതിട്ടുണ്ടെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ മുതൽ ഒറ്റക്കെട്ടാണെന്നും തങ്കപ്പൻ പറഞ്ഞു.

കോൺഗ്രസിൽ തർക്കങ്ങൾ ഉണ്ടെന്നത് മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണ്. കോൺഗ്രസിന് എതിരില്ലാതെ മുന്നേറ്റം വരുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ മാദ്ധ്യമങ്ങൾ പറഞ്ഞുപരത്തിയതാണ് ഈ ഭിന്നിപ്പ് ഉണ്ടെന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ എൽ.ഡ‌ി.എഫ് സർക്കാരിന് എതിരാണ്. കർഷകരായാലും സാധാരണ തൊഴിലാളികളായാലും പെൻഷൻ വാങ്ങുന്ന വയോജനങ്ങളായാലും എല്ലാവരും സിപിഎമ്മിന് എതിരാണെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.


Source link

Related Articles

Back to top button