”ഹൈക്കോടതി വിധി അനുസരിച്ചാണെങ്കിൽ കേരളത്തിൽ ഉത്സവങ്ങൾ നിന്നുപോകും”, ആന ഉടമകൾ

തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തിനെതിരെ പ്രതിഷേധവുമായി ആന ഉടമകൾ രംഗത്ത്. ഹൈക്കോടതി വിധി അനുസരിച്ചാണെങ്കിൽ കേരളത്തിലെ ഉത്സവങ്ങൾ നിന്നുപോകുമെന്നും, അതിനേക്കാൾ നല്ലത് ആന എഴുന്നള്ളിപ്പ് നിരോധിക്കുന്നതാണെന്നും ആന ഉടമകൾ പ്രതികരിച്ചു. ഞായറാഴ്‌ച സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്ന് എലിഫന്റ് ഓണേഴ്‌സ് സ്‌റ്റേറ്റ് ഫെഡറേഷൻ വ്യക്തമാക്കി.

ആനയെ നല്ല രീതിയിൽ നോക്കുന്നവർ ധാരാളമുണ്ട്. അത്തരത്തിലുള്ളവർക്കും ക്ഷേത്രങ്ങൾക്കുമെല്ലാം ഏറെ വിഷമമുണ്ടാക്കുന്ന രീതിയിലാണ് കോടതിവിധി വന്നിട്ടുള്ളത്. റിവ്യൂ പെറ്റീഷൻ കൊടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നുണ്ടെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇവർ വ്യക്തമാക്കി.

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ പുതിയ മാർഗനിർദേശങ്ങൾ തൃശൂർ പൂരത്തെ പ്രതിസന്ധിയിലാക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാറും പ്രതികരിച്ചു. എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചാൽ തൃശൂർ പൂരം നടത്താനാകില്ലെന്ന് ഗിരീഷ് കുമാർ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽവരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ല. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരച്ചടങ്ങുകൾക്ക് ഒരു വിഭാഗത്തിനു തന്നെ 150ൽ ഏറെ ആനകൾ വേണ്ടിവരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link
Exit mobile version