തിരുവനന്തപുരം: ഇപി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥാ വിവാദം ഉപതിരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു. പാർട്ടി അന്വേഷണം നടത്തുന്നില്ല. നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗോവിന്ദന്റെ വാക്കുകൾ
‘ഡിസി ബുക്സുമായി ഇപി കരാർ ഉണ്ടാക്കിയിട്ടില്ല. താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഇപിയെ പാർട്ടി പൂർണമായി വിശ്വസിക്കുന്നു. വിവാദം പൂർണമായി പാർട്ടി തള്ളുകയാണ്. ഇപി ഡിജിപിക്കുകാെടുത്ത പരാതിയിൽ അന്വേഷണം നടക്കട്ടെ. കൊടകര കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയാറാവുന്നില്ല. പാലക്കാട് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണുണ്ടാവുന്നത്. കോൺഗ്രസിൽ നിന്ന് പുറത്ത് വരുന്ന നേതാക്കളെല്ലാം ബിജെപി സഖ്യം പറയുന്നുണ്ട്. പാലക്കാട് എൽഡിഎഫ് പിടിച്ചെടുക്കും വിധത്തിലാണ് സ്ഥിതി. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പോകും.
വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണ്. പ്രധാനമന്ത്രി സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ വലിയ സഹായം കിട്ടുമായിരുന്നു. കേരളത്തിലെ അത്ര ഗുരുതരമല്ലാത്ത ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് ഇതിനകം തന്നെ ബിജെപി സർക്കാർ സഹായം നൽകി. പ്രളയസമയത്ത് സഹായത്തിനായി മന്ത്രിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കാൻ തീരുമാനിച്ചപ്പോൾ കേന്ദ്രം സ്വീകരിച്ച നിഷേധാത്മക നിലപാട് എല്ലാവരും കണ്ടതാണ്. അന്ന് സാലറി ചലഞ്ചിനെവരെ എതിർത്ത യുഡിഎഫ് നിലപാട് ഇപ്പാേഴും സംസ്ഥാന താൽപ്പര്യത്തിന് അനുസരിച്ചല്ല. സംസ്ഥാന സർക്കാരിനെ തകർക്കാൻ യുഡിഎഫും ബിജെപിയും ഒരുമിച്ചുനിൽക്കുകയാണ്.
Source link