തൃശൂർ പൂരം വീണ്ടും പ്രതിസന്ധിയിൽ? ഹൈക്കോടതി മാർഗരേഖ പ്രകാരം ആന എഴുന്നള്ളിപ്പ് നടത്താനാവില്ല

തൃശൂർ: ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച പുതിയ ഹൈക്കോടതി നിർദേശപ്രകാരം തൃശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. 36 മണിക്കൂ‌ർ നീണ്ട് നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസിൽ തിരുവമ്പാടി കക്ഷി ചേരുമെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. നിലവിലെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“രണ്ട് ആനകൾക്കിടയിൽ മൂന്ന് മീറ്റർ ദൂരം വേണമെന്നാണ് ഹൈക്കോടതി മാർഗരേഖയിൽ പറയുന്നത്. 15 ആന നിൽക്കുമ്പോൾ 45 മീറ്റർ ആകും. തെക്കോട്ടിറക്കം എന്നല്ല ഒരു പൂരവും നടത്താനാവില്ല. മഠത്തിൽ വരവ് നടത്തുന്ന ഇടത്ത് ആകെ റോഡിന് വീതിയുള്ളത് ആറ് മീറ്റർ ആണ്. അങ്ങനെ ആയാൽ തൃശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകും. ആനകളെ സംരക്ഷിക്കേണ്ടതൊക്കെ ആവശ്യം തന്നെ. പക്ഷേ ആചാരങ്ങളൊന്നും നടക്കേണ്ട എന്ന തലത്തിലേക്ക് പോകാൻ പാടില്ല. നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കും”- ഗിരീഷ് പറഞ്ഞു.

സമാന അഭിപ്രായമാണ് പാറമേക്കാവിനും. പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കുന്നത് തന്നെ ആനകളിൽ നിന്നാണെന്നാണ് പാറമേക്കാവ് ദേവസ്വം നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയത്. ദേവസ്വങ്ങളെ കൂടാതെ പൂരം പ്രേമി സംഘവും മാർഗരേഖയിൽ എതിർപ്പുമായി രംഗത്തുണ്ട്. തൃശൂർ പൂരം അട്ടിമറിക്കാൻ വിദേശ ശക്തികളുൾപ്പടെ നടത്തുന്ന നീക്കമാണിതെന്നാണ് പൂരം പ്രേമി സംഘം കൺവീനർ വിനോദ് കണ്ടേൻ കാവ് പ്രതികരിച്ചത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മിനിറ്റുകൾ കൊണ്ട് പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂവെന്നും വിനോദ് പറയുന്നു. കേരളത്തിലേക്ക് 200 ആനകളെ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

നിലവിലെ ഹൈക്കോടതി മാനദണ്ഡങ്ങൾ തൃശൂർ പൂരത്തെ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക പ്രധാന ഉത്സവങ്ങളെയും ബാധിക്കുമെന്നാണ് പൂരപ്രേമികൾ പറയുന്നത്.


Source link
Exit mobile version