ആലപ്പുഴ: വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയത്. എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിൽ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകൾ കാണിച്ചാലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അസൽ പകർപ്പ് മുൻപ് ആവശ്യപ്പെട്ടിരുന്നു.
ഇത് പലപ്പോഴും തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തു. 2000-ലെ ഐ ടി നിയമ പ്രകാരം ഡിജിറ്റൽ രേഖകൾ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്. അസൽ രേഖകൾ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും പുതിയ ഉത്തരവിലുണ്ട്.വാഹന പരിശോധന സമയത്ത് വാഹൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന ക്യുആർ കോഡുള്ള കോപ്പി കാണിച്ചാലും മതി. ഡിജിറ്റൽ രേഖകൾ കാണിക്കുമ്പോൾ ഏതെങ്കിലും നിയമലംഘനങ്ങൾ കണ്ടാൽ വാഹൻ സാരഥി ഡേറ്റാ ബേസിൽ ഇലക്‌ട്രോണിക് ആയി ഇ-ചെലാൻ തയ്യാറാക്കി രേഖകൾ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. അസൽ രേഖകൾ പിടിച്ചെടുക്കുന്നതും വിലക്കിയിട്ടുണ്ട്.
പ്രധാനരേഖകൾ എങ്ങനെ ഡിജി ലോക്കറുമായി ബന്ധപ്പെടുത്താം?
ഡ്രൈവിംഗ് ലൈസൻസുകൾ, ആർസി ബുക്ക് തുടങ്ങിയവ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഓൺലൈൻ ഡോക്യുമെന്റ് സ്റ്റോറേജ് ആൻഡ് ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ഡിജി ലോക്കർ. ഉപയോക്താവിന് അവരുടെ സുപ്രധാന രേഖകൾ ഓൺലൈനായി ഉപയോഗിക്കാനും നിയന്ത്രിക്കാനും ഡിജി ലോക്കറിലൂടെ സാധിക്കും, രേഖകൾ ഡിജി ലോക്കറുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണെന്ന് നോക്കാം.
1. ഒരു ഡിജി ലോക്കർ അക്കൗണ്ട് ഉണ്ടാക്കുക. ഡിജി ലോക്കറിന്റെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ഫോണിൽ ഡിജി ലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്തോ അക്കൗണ്ട് നിർമിക്കാം.
2. അക്കൗണ്ട് നിർമ്മിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ യുസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് ലോഗിൻ ചെയ്യുക. ശേഷം ഡിജി ലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെത്തും.
3. ഡിജി ലോക്കറുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജി ലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ ആധാർ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി ഉപയോഗിച്ച് അത് ഉറപ്പുവരുത്തുക.
4. ഡിജി ലോക്കറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജി ലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ പാൻ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. പാൻ നമ്പറും ജനനത്തീയതിയും നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. വിശദാംശങ്ങൾ നൽകി കഴിഞ്ഞാൽ, പാൻ കാർഡ് ലിങ്ക് ചെയ്യാൻ “സേവ്” ക്ലിക്ക് ചെയ്യുക.
5. പ്രധാന രേഖകൾ ഡിജി ലോക്കറിൽ ബന്ധപ്പെടുത്താൻ നിങ്ങളുടെ അക്കൗണ്ടിന്റെ ഹോംപേജിലെ “അപ്‌ലോഡ്” ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് പിഡിഎഫ്, ജെപിജി അല്ലെങ്കിൽ പിഎൻജി ഫോർമാറ്റിൽ രേഖകൾ അപ്‌ലോഡ് ചെയ്യാം. നിങ്ങൾ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, അവ നിങ്ങളുടെ ഡിജി ലോക്കർ അക്കൗണ്ടിൽ സംരക്ഷിക്കപ്പെടും.
Source link