തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാർ നിലപാട് കടുത്ത വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കര്‍മഭൂമിയായതിനാലാണോ വയനാടിനോട് വിവേചനമെന്ന് സംശയിക്കുന്നു. പ്രധാനമന്ത്രിക്ക് രാഷ്ട്രീയതിമിരം ബാധിച്ചുവോയെന്നാണ് ജനങ്ങളുടെ ചോദ്യം. മനുഷ്യരുടെ വേദനയും ദുരിതവുംവച്ച് രാഷ്ട്രീയം കളിക്കരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നതായും സുധാകരൻ പറഞ്ഞു.
സുധാകരന്റെ വാക്കുകൾ:
കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മരയിലും ഉണ്ടായത്. 450ലധികം പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍. ദുരന്തബാധിതരുടെ അതിജീവനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വയനാടിന് പ്രത്യേക പാക്കേജ് വേണമെന്നത് കേരളത്തിന്റെ പൊതു ആവശ്യമാണ്. വയനാട്ടിലെ ജനങ്ങളുടെ അവകാശമാണ്. മോദി സര്‍ക്കാരിന്റെ ഔദാര്യമല്ല ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.
കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ ആനുകൂല്യം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. വയനാട് പാക്കേജ് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോണ്‍ഗ്രസും യുഡിഎഫും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതാണ്. ദുരന്തം നടന്ന് നൂറുദിനം കഴിഞ്ഞിട്ടും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് ശബ്ദമില്ല. കോടികളുടെ നഷ്ടമാണ് വയനാട് ഉണ്ടായത്. പ്രത്യേക സാമ്പത്തിക പാക്കേജ് കിട്ടിയെങ്കില്‍ മാത്രമെ വയനാട് പുനരധിവാസം ഫലപ്രദമായി നടത്താന്‍ സാധിക്കൂ.
ദുരന്തമുഖം സന്ദര്‍ശിച്ച പ്രധാനമന്ത്രി വയനാടിന്റെ പുനരധിവാസത്തിന് പണം തടസമല്ലെന്ന് ഉറപ്പ് നല്കിയിരുന്നു. എന്നിട്ട് ഇപ്പോള്‍ ഒരു രൂപപോലും അധികം നല്‍കില്ലെന്ന് പറയുന്നത് ചതിയാണ്. ബിജെപിക്ക് താല്‍പ്പര്യമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ വാരിക്കോരി നല്‍കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി ഇനിയും ചെലവാക്കാതെ കിടക്കുന്നു എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്. ഈ തുക അടിയന്തരമായി വിനിയോഗിക്കണം.
സംസ്ഥാനം പ്രഖ്യാപിച്ച അടിയന്ത സാമ്പത്തിക സഹായം കിട്ടാത്ത നിരവധി ദുരന്തബാധിതരുണ്ട്. ബാങ്ക് വായ്പ എഴുതിതള്ളുന്നതിനും കോണ്‍ഗ്രസും മറ്റ് സന്നദ്ധ സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്ത വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ആവശ്യമായ ഭൂമി വിട്ടുനല്‍കുന്നതിനുമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കണം.
Source link