ഉരുൾപൊട്ടൽ പ്രത്യേക സാമ്പത്തിക സഹായം; ഈ മാസം തന്നെ തീരുമാനമെടുക്കും, കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സാമ്പത്തിക സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഇക്കാര്യങ്ങൾ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും ആ സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിൽ ആവശ്യത്തിന് തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ഇന്ന് ആവർത്തിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ചുള്ള കേന്ദ്രനിലപാട് ചർച്ചയാക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെവി ജയകുമാർ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

കേന്ദ്ര സഹായത്തിന്റെ കാര്യത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് അയച്ച കത്ത് സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കി. ഈ കത്ത് വായിച്ചാൽ സാമ്പത്തിക സഹായമില്ല എന്ന് തന്നെയാണ് മനസിലാകുക എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ സാമ്പത്തിക സഹായം നൽകില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.

പിന്നാലെ ഈ വിഷയത്തിൽ കഴിയുന്നത്ര വേഗത്തിൽ തീരുമാനമെടുക്കുന്നിൽ കേന്ദ്ര സർക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു. പുന:രധിവാസം അടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ഇരയായവരുടെ വായ്പകൾ എഴുതിത്തള്ളുന്നത് പോലെയുള്ള കാര്യങ്ങൾ അറിയണമെങ്കിൽ ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു എന്ന് വ്യക്തമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.


Source link
Exit mobile version