KERALAM

ഇപി ജയരാജൻ സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി, പാർട്ടി ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇപി ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കിയ ജയരാജനെ എപ്രിലിൽ സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇപി ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, എം.വി ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

1980ൽ ഡി.വൈ.എഫ്.ഐ യുടെ പ്രഥമ പ്രസിഡന്റായ ജയരാജനെ ഒരിക്കൽ പോലും സിപിഎം പോളിറ്റ് ബ്യൂറോയിൽ ഉൾപെടുത്തിയില്ല. കേരളത്തിൽ നിന്നുള്ള നിലവിലെ പിബി അംഗങ്ങളായ എംഎ ബേബി, എം.വി ഗോവിന്ദൻ എന്നിവർ ജയരാജനേക്കാൾ ജൂനിയറാണ്.

പിണറായിക്കെതിരായ വധശ്രമത്തിൽ വാടക കൊലയാളികൾക്ക് ഇരയായത് ജയരാജനാണ്. കഴുത്തിന് വെടിയേറ്റ ജയരാജൻ മുപ്പതു വർഷമായി ചികിത്സയിലാണ്. അസഹനീയമായ കഴുത്തു വേദനയും ശ്വാസതടസവും മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല.

വി.എസ് – പിണറായി ചേരിപ്പോരിൽ പിണറായി പക്ഷത്തിന്റെ പ്രധാന പോരാളി ജയരാജനായിരുന്നു. ലാവലിൻ കേസിൽ സിബിഐ പിണറായി വിജയനെ പ്രതിയാക്കിയപ്പോൾ ‘പോടാ പുല്ലേ സിബിഐ, എന്ന മുദ്രാവാക്യമാണ് ജയരാജൻ മുഴക്കിയത്.

ദേശാഭിമാനിക്ക് വേണ്ടി ജയരാജൻ രണ്ടു കോടി രൂപ വാങ്ങിയത് പാർട്ടി തീരുമാനപ്രകാരമായിരുന്നു. പ്രകാശ് ജാവേദ്ക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തിയത് പാർട്ടിക്കു വേണ്ടിയാണ്. പാർട്ടിക്കുവേണ്ടി ജീവിതം ഹോമിച്ച ജയരാജൻ തന്റെ ആത്മദുഃഖം ജീവിത സായാഹ്നത്തിൽ ആത്മകഥയിൽ പ്രകടിപ്പിച്ചാൽ അതൊരു തെറ്റായി കാണാൻ ആർക്കും കഴിയില്ല. പക്ഷെ, സിപിഎം ഇപ്പോൾ ജയരാജനെ നക്കിയും ഞെക്കിയും കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button