നാടകവാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം
തിരുവനന്തപുരം: കണ്ണൂർ കേളകത്ത് നാടക സംഘത്തിന്റെ വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറുമെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കും ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ടുപേരുടെ മരണത്തില്‍ അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. ഒൻപത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. നാടക സംഘത്തിന് ഇന്നലെ കണ്ണൂരിൽ പരിപാടിയുണ്ടായിരുന്നു. അതുകഴിഞ്ഞ്, ഇന്ന് ബത്തേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടമുണ്ടായത്.
കേളകത്ത് നിന്ന് നെടുംപൊയിൽ ചുരം വഴി വയനാട്ടിലെത്താനായിരുന്നു സംഘം ആദ്യം ശ്രമിച്ചത്. എന്നാൽ ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി ഉള്ളതുമൂലം ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തുടർന്ന് മറ്റൊരു എളുപ്പവഴിയിലൂടെ വയനാട്ടിൽ പോകവേയാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
Source link