ശബരിമല: ഹൈക്കോടതി ഉത്തരവ് മറികടന്ന് പൊലീസിന്റെ നിർദ്ദേശം മാത്രം പരിഗണിച്ച് ഓൺലൈൻ ബുക്കിംഗ് 70,000 ആക്കിയ ദേവസ്വം നടപടിക്കെതിരെ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. 2023 ഡിസംബറിൽ ഓൺലൈൻ ബുക്കിംഗ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് ഓൺലൈൻ ബുക്കിംഗിലൂടെ 80,000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ 10,000 പേർക്കും ഉൾപ്പെടെ ദിവസവും 90,000പേർക്ക് ദർശനം അനുവദിക്കാനായിരുന്നു നിർദ്ദേശം. ഓൺലൈൻ ബുക്കിംഗിൽ കുറവ് വന്നാൽ അതനുസരിച്ച് സ്പോട്ട് ബുക്കിംഗ് വർദ്ധിപ്പിക്കുന്നതിനും അനുമതി നൽകിയിരുന്നു. കോടതിയുടെ ഉത്തരവ് നിലനിൽക്കെ ഓൺലൈൻ ബുക്കിംഗിൽ കുറവ് വരുത്താൻ പൊലീസ് ദേവസ്വം ബോർഡിനോട് നിർദ്ദേശിക്കുകയും അത് ബോർഡ് അനുസരിക്കുകയുമായിരുന്നു.
ഒരാഴ്ചത്തെ ബുക്കിംഗ് പൂർണം
നടതുറക്കും മുമ്പുതന്നെ ഒരാഴ്ചത്തെ ഓൺലൈൻ ബുക്കിംഗ് പൂർണമായി. ദിവസവും 70,000പേർക്കാണ് നിലവിൽ ഓൺലൈനിലൂടെ ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ 10,000പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താം. വൃശ്ചികം ഒന്നുമുതൽ പുലർച്ചെ 3ന് നടതുറന്ന് ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് മൂന്നിന് നടതുറന്ന് രാത്രി 11വരെയും 18 മണിക്കൂറാണ് ദർശന സമയം. 120 പൊലീസുകാരെയാണ് പതിനെട്ടാം പടിയിൽ നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് ഒരു മിനിറ്റിൽ 85 മുതൽ 95 വരെ തീർത്ഥാടകരെ പടികയറ്റിവിടാൻ കഴിയും. ഈ കണക്കനുസരിച്ച് 97,000 മുതൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെ ദിവസവും പടികയറ്റിവിടാൻ കഴിയുമെന്നിരിക്കെ ഓൺലൈൻ ബുക്കിംഗിൽ കുറവ് വരുത്തിയ നടപടി ഭക്തർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Source link