ഉമ്മറിന്റെ വീട്ടുമുറ്രത്ത് ‘സ്വർഗത്തിലെ കനി’
കോഴിക്കോട്: വീട്ടുമുറ്റത്ത് ‘സ്വർഗത്തിലെ കനി” (ഹെവൻ ഫ്രൂട്ട് ) വേണമെന്ന കടലുണ്ടി വാക്കടവ് നെെന്ത്രം വീട്ടിൽ ഉമ്മർ എൻ.വിയുടെ ആഗ്രഹത്തിന് സാഫല്യം. കേരളത്തിൽ അപൂർവമായ കടുംചുവപ്പ് നിറത്തിലുള്ള ഈ ഫലം വിളവെടുപ്പിന് പാകമായി. വിയറ്റ്നാമിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്ന ഗാക് ഫ്രൂട്ട് എന്ന ഹെവൻ ഫ്രൂട്ട് കേരളത്തിൽ വളരെക്കുറച്ചുപേർ മാത്രമാണ് കൃഷി ചെയ്യുന്നത്.
യൂ ട്യൂബിലൂടെ ഹെവൻ ഫ്രൂട്ടിനെക്കുറിച്ചറിഞ്ഞ ഉമ്മർ കഴിഞ്ഞ മാർച്ചിൽ ഓൺലൈൻ വഴി 7 വിത്തുകളെത്തിച്ചാണ് വീട്ടുമുറ്റത്ത് നട്ടത്. വിത്തിന്റെ വില 400 രൂപ. അതിൽ നാല് വിത്തുകൾ തളിർത്ത് വള്ളികൾ പടർന്നതോടെ 200 സ്ക്വയർഫീറ്റ് സ്ഥലത്ത് പന്തെലാരുക്കി. ചാണകവും കോഴിക്കാഷ്ഠവും ചേർന്ന വളംനൽകി. രാവിലെയും വെെകിട്ടും നനച്ചു. ഇപ്പോൾ അവയിൽ നിറയെ ഫലങ്ങൾ.
വൈവിദ്ധ്യമാർന്ന കൃഷിയോട് താത്പര്യമുള്ള പ്രവാസിയായിരുന്ന 72കാരൻ ഉമ്മറിന്റെ
തോട്ടത്തിൽ ഡ്രാഗൺ ഫ്രൂട്ടും, സ്റ്റാർ ഫ്രൂട്ടും, മക്കട്ടോദേവയുമൊക്കെയുണ്ട്. ഭാര്യ റംല. മക്കൾ: റുക്സാന, റജീന, റിസ്വാന, റിസില.
ഗാക് ഫ്രൂട്ട്
ഔഷധഗുണങ്ങളും പോഷക സമൃദ്ധവുമായ ഗാക് ഫ്രൂട്ട് മധുരപ്പാവൽ എന്ന പേരിലും അറിയപ്പെടുന്നു. പൾപ്പും തൊലിയുമെല്ലാം ഭക്ഷിക്കാം. നേർത്ത മുള്ളുകളുള്ള ഇവ പാകമാകുമ്പോൾ ഒരു കിലോയോളം തൂക്കമുണ്ടാകും. ജ്യൂസ് നിർമ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നേരിയ ചവർപ്പുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സൈഡുകൾ എന്നിവയാൽ സമ്പന്നം. അച്ചാർ, സോസ് തുടങ്ങിയവയും ഉണ്ടാക്കാം. ഇലകളും മൂപ്പെത്താത്ത കായയും പച്ചക്കറിയായി ഉപയോഗിക്കാം.
1200-1700 രൂപ
കിലോയ്ക്ക് വില
”പരിപാലനച്ചെലവ് കുറവും ഔഷധ ഗുണങ്ങൾ ഒരുപാടുള്ളതുമായ ഈ ഫലം എല്ലാവർക്കും കൃഷി ചെയ്യാം. കൃഷി വിപുലപ്പെടുത്തും.
-ഉമ്മർ
Source link