KERALAM

ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനം ശമ്പള ചെലവ് കണ്ടെത്തണം, സർക്കാരിന്റെ ബാദ്ധ്യതയല്ലെന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ ശമ്പള, പെൻഷൻ ചെലവ് സർക്കാരിന്റെ ബാദ്ധ്യതയല്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ സർക്കുലർ. കോടതികളിൽ വരുന്ന കേസുകളിൽ ഈ നിലപാട് ഔദ്യോഗികമായി അറിയിക്കണം. ഇത്തരം സ്ഥാപനങ്ങൾക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തി സർക്കാർ തുക നൽകുന്നത് കേവലം സഹായം മാത്രമാണ്. സ്വയാർജ്ജിത ധനം ഉപയോഗിച്ചാണ് അവ പ്രവർത്തിക്കേണ്ടത്.

ഈ സ്ഥാപനങ്ങൾ പ്രത്യേക ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നതാണ്. പ്രവർത്തനസഹായം എന്ന നിലയിൽ മാത്രമാണ് സർക്കാർ സഹായം നൽകുന്നതെന്നും സർക്കുലറിലുണ്ട്. അതേസമയം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇത്തരമൊരു നിലപാടെടുക്കുന്നതെന്നാണ് വിമർശനം.

വിദ്യാഭ്യാസ സ്ഥാപനങ്ങളല്ല

വ്യവസായം, ആരോഗ്യം,സാംസ്കാരികം, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളുടെ കീഴിൽ പ്രവർത്തിക്കുന്ന സാഹിത്യ അക്കാഡമി, ജവഹർ ബാലഭവൻ പോലുള്ളവയാണ് ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടില്ല. ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവർദ്ധന, കുടിശിക എന്നിവയുമായി ബന്ധപ്പെട്ട് കോടതികളിൽ വരുന്ന കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ കക്ഷികളാക്കുന്നത് ഒഴിവാക്കാൻ പ്രത്യേക അപേക്ഷ നൽകണം. ചെലവും ശമ്പളവും സർക്കാർ ബാദ്ധ്യതയല്ലെന്ന് ബോദ്ധ്യപ്പെടുത്തണം.


Source link

Related Articles

Back to top button