ഡി.ജി.പി പമ്പയിൽ, ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹിബ് പമ്പയിലെത്തി. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ
പമ്പയിലേയും സന്നിധാനത്തേയും നിലയ്ക്കലിലേയും പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഡി.ജി.പി പറഞ്ഞു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിന് പൊലീസ് സഹായിക്കും. ശബരിമലയിൽ പൊലീസിന്റേത് ഡ്യൂട്ടിയായല്ല,മനുഷ്യസേവനമായി കാണണം. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി,മൊബൈൽ ഫോൺ മോഷണം,ലഹരിയുപയോഗം എന്നിവ തടയാനും പൊലീസ് ശ്രദ്ധിക്കും. പ്രധാന പാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിറുത്തിയിടാൻ അനുവദിക്കില്ലെന്നും ഡി.ജി.പി പറഞ്ഞു. ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്തും ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നു.


Source link
Exit mobile version