കുമളി: തേക്കടിയിൽ ഇസ്രയേൽ വിനോദസഞ്ചാരിയടക്കമുള്ള വിദേശികളെ അധിക്ഷേപിച്ച് ഇറക്കിവിട്ട കാശ്മീർ സ്വദേശികൾ നടത്തുന്ന കരകൗശല വില്പന കേന്ദ്രം പൂട്ടി. സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. തേക്കടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാശ്മീരി കടയിലേക്ക് ഫുട്പാത്തിലൂടെ നടന്നുപോയ ജർമ്മൻ സ്വദേശി ഓഡെഡ് (51), ഭാര്യ ഇസ്രയേൽ സ്വദേശി കാലനിറ്റ് (53) എന്നിവരെ വിളിച്ചു കയറ്റുകയായിരുന്നു. കടയിലെ ജീവനക്കാരനായ കാശ്മീർ സ്വദേശി ഫയാസ് അഹമ്മദ് റാദർ (36) ആണ് ഇവരെ വിളിച്ചത്.
കരകൗശല വസ്തുക്കൾ കാണിക്കുന്നതിനിടെ ഇയാൾ സഞ്ചാരികളിലൊരാൾ ഇസ്രയേൽ സ്വദേശിയാണെന്ന് ചോദിച്ച് മനസ്സിലാക്കി. ഇതോടെ കടയിലെ ലൈറ്റ് അണച്ച് ഇവരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇക്കാര്യം സഞ്ചാരികൾ തങ്ങളുടെ ഡ്രൈവറെ അറിയിച്ചു. ഡ്രൈവർ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ വിവരമറിയിച്ചു. സമിതി കുമളി യൂണിറ്റ് പ്രശ്നത്തിൽ ഇടപെടുകയും സഞ്ചാരികളോട് അപമര്യാദയായി പെരുമാറിയ കടയിലെ ജീവനക്കാരനെ നീക്കാനും കട അടച്ചിടാനും ആവശ്യപ്പെടുകയായിരുന്നു.
തങ്ങളെ ഇറക്കിവിട്ടത് വിദേശികൾ ചോദ്യം ചെയ്യുന്നതും കടയിലുള്ളവർ മാപ്പ് പറയുന്നതുമായ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് കമ്മിറ്റിയുടെ പരാതിയിൽ കുമളി പൊലീസ് കട ഉടമയെയും ജീവനക്കാരനെയും വിളിച്ചു വരുത്തി താക്കീത് നൽകി. കുമളിയിലെ കാശ്മീരി കടകൾ ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണിപ്പോൾ.
Source link