ഇ.പിയെ പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയേക്കും, വിശദീകരണം തേടുമെന്നും സൂചന
തിരുവനന്തപുരം: വിവാദങ്ങളിലൂടെ പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ഇ.പി.ജയരാജനെ സി.പി.എമ്മിന്റെ കേന്ദ്ര, സംസ്ഥാന സമിതികളിൽ നിന്ന് ഒഴിവാക്കാൻ സാദ്ധ്യത. മാർച്ചിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും ഏപ്രിലിൽ മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസിലും ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്നു ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇ.പിയോട് വിശദീകരണം തേടിയേക്കും. ഇ.പിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ആത്മകഥയിലെ ഇതിനകം പുറത്തുവന്ന വിവരങ്ങൾ താൻ എഴുതിയതല്ലെന്നും
പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള ഇ.പിയുടെ വാക്കുകൾ സി.പി.എം ഉൾക്കൊള്ളുന്നില്ല. നിർണായക വോട്ടെടുപ്പ് ദിനത്തിൽ പാർട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിയ ഇ.പിയുമായി ഇനി അധികനാൾ മുന്നോട്ടു പോകാനാവില്ലെന്ന വികാരത്തിനാണ് മുൻതൂക്കം. ആത്മകഥയിൽ വാചക ശുദ്ധി വരുത്താൻ ഇ.പി ഏൽപ്പിച്ച പാർട്ടി പത്രത്തിന്റെ കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിനോടും പാർട്ടി വിശദീകരണം തേടിയേക്കും. ആത്മകഥാ ഭാഗങ്ങൾ പുറത്തുവന്നത് എങ്ങനെയെന്നാകും ആരായുക.
സംസ്ഥാന സമ്മേളനത്തിനും പാർട്ടി കോൺഗ്രസിനു ശേഷം മേയ് 28നാണ് ഇ.പിക്ക് 75 വയസ് പൂർത്തിയാവുന്നത്. ആ പേരുപറഞ്ഞ് ഒഴിവാക്കാം. ഏപ്രിലിൽ പ്രായപരിധി കഴിയാത്തതിനാൽ ഒരു ടേം കൂടി അനുവദിക്കാം. എന്നാൽ, ആദ്യത്തേതിനാണ് സാദ്ധ്യത കൂടുതലെന്നാണ് വിലയിരുത്തൽ. ശത്രുക്കൾക്ക് ആയുധം നൽകുന്ന ഇ.പിക്കെതിരെ കടുത്ത അമർഷമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. ഏരിയാ സമ്മേളനങ്ങളിലും വിമർശനമുയരുന്നുണ്ട്.
ഇ.പിയുടെ വാദത്തിൽ കഴമ്പില്ല
1.ആത്മകഥ പൂർത്തിയാക്കി പാർട്ടിയുടെ സമ്മതത്തോടെ പുറത്തിറക്കുമെന്ന ഇ.പിയുടെ വാദത്തിൽ കഴമ്പില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. തനിക്ക് പറയാനുള്ളതെല്ലാം പുറത്തു വന്നതിലൂടെ ഇ.പി ലക്ഷ്യം നേടിക്കഴിഞ്ഞുവെന്നാണ് വിമർശനം
2.താൻ ‘എഴുതാത്ത കാര്യങ്ങൾ’ വെളിപ്പെടുത്തിയതിന്റെ പേരിൽ ഡി.സി ബുക്സിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും ആത്മകഥ പ്രസിദ്ധീകരിക്കാൻ അവരെ തന്നെ ഏൽപ്പിക്കുമോയെന്ന കാര്യത്തിൽ ഇ.പി വ്യക്തമായ മറുപടി നൽകിയിട്ടില്ല
3.ഗൂഢാലോചന അന്വേഷിക്കണമെന്നല്ലാതെ ഡി.സി ബുക്സിനെതിരെ ക്രിമിനൽ
കേസെടുക്കണമെന്ന ആവശ്യം ഇ.പി പരാതിയിൽ ഉന്നയിച്ചിട്ടില്ല
‘വയ്യാവേലി ഉത്തമനായി’
പാലക്കാട്ടെ സ്ഥാനാർത്ഥി ഡോ.പി.സരിൻ പി.വി.അൻവറിനെപ്പോലെ പാർട്ടിക്ക്
വയ്യാവേലിയാകുമെന്ന് ഇ.പിയുടേതായി ബുധനാഴ്ച പുറത്തു വന്ന പരാമർശം എതിരാളികൾ
ആഘോഷമാക്കുമ്പോൾ സരിന്റെ വിജയ സാദ്ധ്യതകളെ അതെങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് എൽ.ഡി.എഫ്. പാർട്ടിയുടെ നിർദ്ദേശപ്രകാരം ഇന്നലെ പാലക്കാട്ടെത്തിയ ഇ.പി വാർത്താസമ്മേളനത്തിലും പൊതുസമ്മേളനത്തിലും സരിൻ ഉത്തമനായ പൊതുപ്രവർത്തകനും ഊതിക്കാച്ചിയ പൊന്നുമെന്നൊക്കെ പറഞ്ഞ് പുകഴ്ത്തിയിരുന്നു.
Source link