ആലപ്പുഴ : വിവാദത്തിൽ തലകുത്തി നിൽക്കുന്ന പ്രസാധകർ, തന്റെ നോവലിലെ കുറച്ചുഭാഗങ്ങൾ മാറ്റിയെഴുതി ഉടൻ പ്രസിദ്ധീകരിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ചിരുന്നതായി മുൻ മന്ത്രി സി.ദിവാകരൻ പറഞ്ഞു. ഒരക്ഷരം മാറ്റാൻ സമ്മതിക്കില്ലെന്നറിയിച്ചു. അവർ പുസ്തകം പ്രസിദ്ധീകരിക്കേണ്ടെന്നും, അവരുടെ അംഗീകാരം ആവശ്യമില്ലെന്നും മറുപടി നൽകി. തന്റെ ആദ്യ നോവലായ ‘കമ്മ്യൂണിസ്റ്റ് ‘ന്റെ പ്രകാശനവേദിയിലായിരുന്നു സി.ദിവാകരന്റെ പരാമർശം. നോവലിന്റെ പ്രകാശനം മുൻമന്ത്രി ജി.സുധാകരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന് കൈമാറി നിർവഹിച്ചു.
ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഗുരുതരമായ രാഷ്ട്രീയ, താത്വിക, ആശയ ദൗർബല്യങ്ങളെ നേരിടുകയാണെന്നും, വിഷയങ്ങൾ തുറന്ന് ചർച്ച ചെയ്യണമെന്നും ദിവാകരൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആര് അംഗമായാലും തൊഴിലാളി വർഗ രാഷ്ട്രീയത്തിന് വിധേയരാകണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം കൈകോർത്ത് പിടിച്ച് നേതൃത്വപരമായ പങ്ക് വഹിച്ച് വളർന്നുവരുന്ന കമ്മ്യൂണിസ്റ്റ് യുവതലമുറയെയാണ് നാടിനാവശ്യം. തെറ്റ് കാണിക്കുന്നവർക്കും പൊളിറ്റിക്കൽ ക്രിമിനലുകൾക്കുമൊപ്പമാണ് മാദ്ധ്യമങ്ങൾ നിലകൊള്ളുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങൾ പറഞ്ഞാൽ പാർട്ടിക്ക് എതിരെന്ന തലക്കെട്ടാവും നൽകുക. ഇത് കരണക്കുറ്റിക്ക് അടികിട്ടാത്തതിന്റെ കുറവാണെന്നും സുധാകരൻ പറഞ്ഞു.
Source link