തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മറികടക്കുന്നതിനിടെ പ്‌ളാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽപെട്ട് കാലുകളറ്റ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടർക്ക് ശസ്ത്രക്രിയ നടത്തി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കൊല്ലം തേവലക്കര ഒറ്റമാംവിളയിൽ ശുഭകുമാരിക്ക് (45) ഒരാഴ്ചയിലധികം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അറ്റു പോയ കാലുകളുടെ ഭാഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ചതഞ്ഞു പോയതിനാൽ പ്ലാസ്റ്റിക് സർജറി നടത്തി തുന്നിച്ചേർക്കാനായില്ല. സഹപ്രവർത്തകയായ വനിതാ കണ്ടക്ടർക്കൊപ്പം തൃശൂർ റെയിൽവേ സ്റ്റേഷനിലിറങ്ങി ട്രാക്ക് മറികടന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. കെ.എസ്.ആർ.ടി.സി ബസിൽ ഗുരുവായൂരിലേക്ക് പോകുന്നതിനാണ് ട്രാക്ക് മുറിച്ചുകടന്നത്. ഈ സമയം ഒന്നാം ട്രാക്കിലൂടെ വന്ന കൊച്ചുവേളി കോർബ എക്സ്‌പ്രസാണ് ഇടിച്ചത്. ട്രെയിൻ വരുന്നത് കണ്ടെങ്കിലും ഉയരമുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ശുഭകുമാരിക്ക് പെട്ടെന്ന് കയറാനായില്ല.
Source link