ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ, മണ്ഡല തീർത്ഥാടനത്തിന് ശബരിമലനട ഇന്ന് തുറക്കും
ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കംകുറിച്ച് ശബരിമലനട ഇന്ന് തുറക്കും. വൈകിട്ട് 5ന് കണ്ഠരര് രാജീവരരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് സമീപം തിരുമുറ്റത്ത് കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാം പടിയിലൂടെ സോപാനത്തേക്ക് ആനയിക്കും. ഭഗവത് ദർശനത്തിന് ശേഷം അരുൺകുമാർ നമ്പൂതിരിയെ സോപാനത്തിലിരുത്തി തന്ത്രി കലശാഭിഷേകം നടത്തിയ ശേഷം കൈപിടിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിന് സമീപം ഇരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. തുടർന്ന് വാസുദേവൻ നമ്പൂതിരിയെ ഇതേ രീതിയിൽ മാളികപ്പുറം ക്ഷേത്രത്തിൽ മേൽശാന്തിയായി അവരോധിക്കും.
കഴിഞ്ഞ ഒരുവർഷത്തെ പുറപ്പെടാശാന്തിമാരായിരുന്ന സന്നിധാനം മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി പി.ജി.മുരളിയും രാത്രി 10ന് നട അടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി വീടുകളിലേക്ക് മടങ്ങും. നാളെ പുലർച്ചെ 3ന് പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടും. 30,000 തീർത്ഥാടകരാണ് ഇന്ന് ദർശനത്തിനായി ഓൺലൈൻ ബുക്ക് ചെയ്തിരിക്കുന്നത്.
ഡിസംബർ 26ന് മണ്ഡലപൂജയ്ക്ക് ശേഷം നടഅടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നടഅടയ്ക്കും.
‘കട്ടപ്പുറം ബസുകൾ” വേണ്ട : ഹൈക്കോടതി
ഇടപെടൽ കേരളകൗമുദി വാർത്തയെത്തുടർന്ന്
കൊച്ചി: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സർവീസിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം. തീർത്ഥാടകരെ നിറുത്തി കൊണ്ടുപോകരുത്. സുരക്ഷിതത്വം ഉറപ്പാക്കാൻ സി.സി ടിവി നിരീക്ഷണം വേണം. കോടതി നിർദ്ദേശങ്ങൾ കെ.എസ്.ആർ.ടി.സി പാലിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് കമ്മിഷണർ ഉറപ്പുവരുത്തണം. ശബരിമലനട ഇന്നു തുറക്കാനിരിക്കെയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. തീർത്ഥാടകരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അലംഭാവമുണ്ടായാൽ കർശന നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പും നൽകി. കാലാവധി കഴിഞ്ഞതുൾപ്പെടെയുള്ള ബസുകളിൽ യാത്ര ചെയ്യേണ്ടിവരുന്ന ശബരിമല തീർത്ഥാടകരുടെ അവസ്ഥയെക്കുറിച്ച് ‘ശരണയാത്രയ്ക്ക് കട്ടപ്പുറം ബസുകൾ” എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
Source link