കളക്‌ടർക്കെതിരായ മൊഴിയിൽ ഉറച്ച് നിൽക്കുന്നു; യാത്രയയപ്പിലും ഗൂഢാലോചന സംശയിക്കുന്നു, മൊഴി നൽകി കുടുംബം

പത്തനംതിട്ട: യാത്രയയപ്പിലും പെട്രോൾ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി മൊഴി നൽകി നവീൻ ബാബുവിന്റെ കുടുംബം. കളക്‌ടർക്കെതിരായ മൊഴിയിൽ ഉറച്ചുനിൽക്കുന്നതായും കുടുബം വ്യക്തമാക്കി. കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുടുംബത്തിന്റെ മൊഴിയെടുത്തത്. ഉച്ചയോടെ നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ മൊഴിയെടുത്തതിനുശേഷം മടങ്ങി.
നവീൻ ബാബുവിന്റെ കോൾ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണ സംഘം മൊഴിയെടുക്കാനെത്തിയത്. അതേസമയം, മൊഴിയെടുപ്പിന് ശേഷം കുടുംബാംഗങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷണം വേണമെന്നാണ് നവീന്റെ സഹോദരനടക്കമുള്ളവരുടെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഹാജരായാണ് പ്രശാന്ത് മൊഴി നൽകിയത്. തനിക്ക് രണ്ട് തരത്തിലുള്ള ഒപ്പുകൾ ഉണ്ടെന്നാണ് ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്ക് മൊഴി നൽകിയത്. നേരത്തെ പാട്ടക്കരാർ വ്യവസ്ഥയിൽ പെട്രോൾ പമ്പിന് സ്ഥലം ലഭിക്കുന്നതിന് നൽകിയ രേഖയിലും നവീൻ ബാബുവിനെതിരെ നൽകിയെന്ന് പറയുന്ന പരാതിയിലും രണ്ട് തരത്തിലുള്ള പേരും ഒപ്പുമാണ് ഉണ്ടായിരുന്നത്. ഇതിൽ വ്യക്തത വരുത്താനും ദിവ്യയുടെ മൊഴിയുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങൾ ചോദിച്ചറിയാനുമാണ് പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചത്.
Source link