Site icon onlinekeralanews.com

പാവലും പയറും ചതിച്ചു,​ അതിജീവനത്തിന് ജോൺ കണ്ടെത്തിയത് ചീരക്കൃഷി


ചേലക്കര: കാലാവസ്ഥാ വ്യതിയാനവും കീടബാധയും പച്ചക്കറി കൃഷിയെ തകർത്തെറിഞ്ഞിട്ടും മണ്ണുപേക്ഷിക്കാതെ പങ്ങാരപ്പിള്ളിയിലെ മാതൃകാ കർഷകൻ കെ.പി.ജോൺ. പാവലും പയറും കൃഷി ചെയ്ത് കനത്ത നഷ്ടം നേരിട്ട ജോൺ, ഇപ്പോൾ ചീര കൃഷിയിലൂടെ അതിജീവനത്തിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ 35 വർഷമായി പച്ചക്കറി കൃഷി രംഗത്തുള്ള വ്യക്തിയാണ് ജോണിച്ചേട്ടൻ. പ്രളയകാലം വരെ മികച്ച വിളവ് ലഭിച്ചിരുന്ന മേഖലയിൽ പിന്നീട് സ്ഥിതി മാറി. കഠിനമായ ചൂടും വൈറസ് രോഗങ്ങളും പാവൽ കൃഷിയെ നശിപ്പിച്ചു. വളവും മരുന്നും മാറി മാറി പരീക്ഷിച്ചിട്ടും ഫലം കാണാതായതോടെ വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്. എങ്കിലും സുഹൃത്ത് ശിവനുണ്ണിക്കൊപ്പം അര ഏക്കർ സ്ഥലത്ത് വ് ലാത്താങ്ങര ഇനത്തിൽപ്പെട്ട ചീര കൃഷി ചെയ്യുകയാണ് ഇപ്പോൾ. ലാഭമില്ലെങ്കിലും പണിക്കൂലിയെങ്കിലും ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് കൃഷി. തൈകൾ നട്ട് മുപ്പതാം ദിവസം മുതൽ വിളവെടുക്കാം. രണ്ടാഴ്ച ഇടവിട്ട് നാല് തവണ വരെ വിളവെടുക്കാം. ഒരു കെട്ട് ചീര 20 രൂപയ്ക്കാണ് വിൽപ്പന. ഒരു കാലത്ത് നൂറുകണക്കിന് കർഷകരുണ്ടായിരുന്ന പങ്ങാരപ്പിള്ളിയിൽ ഇന്ന് കൃഷിക്കാർ ചുരുങ്ങി. മയിൽ, മലയണ്ണാൻ, പന്നി, മുള്ളൻപന്നി എന്നിവയുടെ ആക്രമണം മൂലം കൃഷി വ്യാപകമായി നശിച്ചു. വീര്യം കൂടിയ കീടനാശിനികൾ കേരളത്തിൽ നിരോധിച്ചത് മൂലം കീടങ്ങളെ നശിപ്പിക്കാൻ സാധിക്കാതെയായി. ഇവിടെ ലഭ്യമായ മരുന്നുകളെ കീടങ്ങൾ അതിജീവിച്ചു കഴിഞ്ഞെന്നും കർഷകർ പറയുന്നു.


Source link

Exit mobile version