വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; സംസ്ഥാന സർക്കാരിന്റെ പക്കൽ ആവശ്യമായ തുകയുണ്ടെന്ന് കേന്ദ്രം
ന്യൂഡൽഹി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ ഇത് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് വ്യക്തമാക്കിയത്. ഡൽഹിയിൽ കേരളത്തിന്റെ സ്പെഷ്യൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫസർ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു.
ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. എസ്ഡിആർഎഫ് ചട്ടപ്രകാരം നോട്ടിഫൈ ചെയ്ത 12 ദുന്തരങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാന സർക്കാരാണ് എല്ലാ സാമ്പത്തിക സഹായങ്ങളും നൽകേണ്ടതെന്നും കേന്ദ്രമന്ത്രിയുടെ കത്തിൽ വ്യക്തമാക്കുന്നു.
നിലവിൽ എസ്ഡിആർഎഫ്, എൻഡിആർഎഫ് ചട്ടങ്ങളിൽ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ല. സംസ്ഥാനത്തിന് എസ്ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക സാമ്പത്തിക വർഷത്തേക്കായി അനുവദിച്ചിട്ടുണ്ട്. ഇതിൽ 291 കോടി കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ നിന്നുള്ളതാണ്. ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31ന് സംസ്ഥാന സർക്കാരിന് നൽകി. 2024 ഏപ്രിലിലെ കണക്കുകൾ പ്രകാരം സംസ്ഥാന സർക്കാരിന്റെ എസ്ഡിആർഎഫ് ഫണ്ടിൽ 394 കോടി രൂപ ബാക്കിയുണ്ട്. ദുന്തം നേരിടാനാവശ്യമായ തുക ഇപ്പോൾ തന്നെ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നും നിത്യാനന്ദ റായ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Source link