മലപ്പുറത്തെ മൂന്നിടത്തും വോട്ടിൽ കുറവ്
മലപ്പുറം: വയനാട് ലോക്‌സഭ പരിധിയിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും പോളിംഗിൽ വലിയ ഇടിവ്. ഇത്തവണ 64.98 ശതമാനം വോട്ട് പോൾ ചെയ്തപ്പോൾ കഴിഞ്ഞ തവണ 74.17 ശതമാനമായിരുന്നു. 9.19 ശതമാനത്തിന്റെ കുറവുണ്ട്.
സി.പി.എമ്മുമായി ഇടഞ്ഞ പി.വി.അൻവർ എം.എൽ.എയുടെ നിലമ്പൂരിലാണ് പോളിംഗ് ഏറ്റവും കുറവ്. 61.91 ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ 9.49 ശതമാനത്തിന്റെ കുറവുണ്ട്. എൽ.ഡി.എഫിന് വോട്ട് കുറഞ്ഞാൽ തന്റെ നേട്ടമായി അൻവർ ഉയർത്തിക്കാട്ടും. . അൻവർ വയനാട്ടിൽ പ്രിയങ്കയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് മുന്നണി പ്രവേശനം മോഹിക്കുന്ന അൻവറിന് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനുള്ള പിടിവള്ളിയുമാവും. വോട്ട് കണക്ക് സി.പി.എമ്മിന് അനുകൂലമെങ്കിൽ പി.വി.അൻവറിന്റെ രാഷ്ട്രീയ ഭാവിയും ചോദ്യചിഹ്നമാവും. പാർട്ടി വോട്ടുകൾ ചോർന്നിട്ടില്ലെന്ന് സി.പി.എം ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അനുഭാവി വോട്ടുകളിലാണ് ആശങ്ക.
ഏറനാട് – 69.42, വണ്ടൂർ – 64.43 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിംഗ്. ഏറനാട്ടിൽ 8.34ഉം വണ്ടൂരിൽ 8.98 ശതമാനത്തിന്റെയും കുറവുണ്ട്.
സ്ത്രീ വോട്ട് കൂടി
6,45,755 വോട്ടർമാരിൽ 4,19,620 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ആരംഭിച്ചത് മുതൽ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. പുരുഷ വോട്ടർമാരേക്കാൾ അഞ്ച് ശതമാനം അധികം സ്ത്രീ വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രിയങ്കയ്ക്ക് അനുകൂലമാവുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
Source link