നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, ആകെ മരണം ആറായി
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നിലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ മരണ സംഖ്യ ആറായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത് (28) കഴിഞ്ഞ ഒമ്പതാം തീയതി മരിച്ചിരുന്നു.
ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂർ സ്വദേശി രതീഷ് (32), കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ റോഡ് സ്വദേശി സന്ദീപ് (38) എന്നിവർ നേരത്തെ മരിച്ചിരുന്നു. നീലേശ്വരം അഞ്ഞൂറ്റമ്പലം ശ്രീ വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്.
30 ഓളം പേർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. പിന്നാലെ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതിനായി ഒരു കോടി രൂപ അനുവദിച്ചുള്ള ഉത്തരവ് നേരത്തെയിറങ്ങിയിരുന്നു. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്.
Source link