KERALAM

‘സതീശന്റെ പൊങ്ങച്ചം അവസാനിക്കും, പാലക്കാട്ട് എൽഡിഎഫ് 10,000ൽ അധികം വോട്ടിന് ജയിക്കും’

പാലക്കാട്: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പൊങ്ങച്ചം 23ന് അവസാനിക്കുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ. പി സരിൻ. മുൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പാലക്കാട്ടെത്തുന്നത് നേരത്തെ തീരുമാനിച്ചതാണെന്നും സരിൻ വ്യക്തമാക്കി. വി ഡി സതീശൻ നടത്തിയ പ്രസ്താവനകളോട് മറുപടി പറയുകയായിരുന്നു സരിൻ.

‘ഇ പിയുടെ പുസ്തക വിവാദത്തിന് പിന്നിൽ വി ഡി സതീശനാണ്. വിവാദത്തിന് പിന്നിൽ സതീശൻ ഗുഢാലോചന നടത്തിയിട്ടുണ്ട്. പുസ്തകത്തിലെ പരാമർശങ്ങൾ എൽഡിഎഫിനെ ബാധിക്കില്ല. ഇ പി പാലക്കാട്ട് പ്രചാരണത്തിന് എത്തുന്നത് നേരത്തെ തീരുമാനിച്ചതാണ്. സതീശന്റെ പൊങ്ങച്ചം 23ന് അവസാനിക്കും. എൽഡിഎഫ് 10,000ൽ അധികം വോട്ടിന് ജയിക്കും’- സരിൻ പ്രതികരിച്ചു.

ഇ പി ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ലെന്ന് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർട്ടി പറഞ്ഞതുകൊണ്ട് മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നതെന്നും സരിനെ പറ്റി ഇ പി പറഞ്ഞത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘സരിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎമ്മിനകത്ത് അതൃപ്തിയുണ്ട്. പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. സരിൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരും. പാലക്കാട് യുഡിഎഫ് പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടും’- വി ഡി സതീശൻ പ്രതികരിച്ചു.


Source link

Related Articles

Back to top button