KERALAMLATEST NEWS

‘ആനകൾ  തമ്മിലുള്ള  അകലം  മൂന്ന്  മീറ്റർ’; ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശവുമായി ഹെെക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവിറക്കി ഹെെക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റുപരിപാടികളിലും ആനകളെ എഴുന്നള്ളിക്കുമ്പോഴാണ് ഈ മാർഗനിർദേശങ്ങൾ പാലിക്കേണ്ടത്. പരിപാടിയുടെ സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാർഗനിർദേശം.

ജില്ലാ തല സമിതി സർട്ടിഫിക്കറ്റുകളും പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നൽകേണ്ടത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്നത് ഉൾപ്പെടെ മറ്റ് നിരവധി മാർഗനിർദേശങ്ങളും ഹെെക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.

എഴുന്നള്ളത്തിൽ ആനകൾ തമ്മിലുള്ള അകലം മൂന്ന് മീറ്റർ ആയിരിക്കണം. സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകൾ തോറും കമ്മിറ്റികൾ ഉണ്ടാക്കണം. ഇതിൽ ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗത്തെയും ഉൾപ്പെടുത്തണം. എഴുന്നള്ളിപ്പിനിടെ എലിഫന്റ് സ്‌ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നതിന് ഹെെക്കോടതി വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച് ദേവസ്വങ്ങൾക്ക് നിർദേശം നൽകി. ആനകളെ പിടികൂടാൻ ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു.


Source link

Related Articles

Back to top button