ശബരിമല തീർത്ഥാടകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഒരിക്കലും ഈ ചതിക്കുഴിയിൽ വീഴരുത്

പാലാ: കരിഓയിൽ തോറ്റുപോകും ഈ കറുപ്പിന് മുമ്പിൽ. എന്താന്നല്ലേ… കൊതിയൂറുന്ന മുളക് ബജ്ജിയും, ഉഴുന്നുവടയുമൊക്കെ തിളച്ചുപൊന്തുന്ന എണ്ണയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. ഇത് പാലാ നഗരത്തിലെ ഒരു തട്ടുകടയിലെ അനുഭവമാണ്. ഭക്ഷണപ്രിയരെ നിത്യരോഗികളാക്കാൻ ഇതുതന്നെ ധാരാളം. ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് പാലാ – പൊൻകുന്നം ഹൈവേയുടെ ഓരങ്ങളിൽ അനധികൃത തട്ടുകടകളും പെട്ടികടകളും വ്യാപകമാകുകയാണ്. പലയിടത്തും വൃത്തി ഏഴയലത്തില്ല. ചിലതിലൊക്കെ വെജിറ്റേറിയൻ ബോർഡ് വച്ചിട്ടുണ്ടെങ്കിലും ഓംലറ്റും മറ്റ് ഇറച്ചിവിഭവങ്ങളുമൊക്കെ തരാതരംപോലെ വിളമ്പുന്നുണ്ട്.
മുനിസിപ്പൽ, പഞ്ചായത്ത് ലൈസൻസുകളില്ലാതെയാണ് ഇവയുടെ പ്രവർത്തനം. അധികൃതരൊട്ട് പരിശോധനയും നടത്തുന്നില്ല. ഇതര സംസ്ഥാനക്കാരടക്കം റോഡരികുകളിൽ ഉന്തുവണ്ടികളിലും ചെറിയ ഷെഡ് കെട്ടിയും കടകൾ തുടങ്ങിയിട്ടുണ്ട്. ഭാരിച്ച വാടകയും വൈദ്യുത ചാർജ്ജും നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകളെക്കാൾ അല്പം വിലക്കുറവ് ഉള്ളതിനാൽ പലരും ഇവിടെയെത്തും. ഇതിനെതിരെ നികുതി അടച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചും വലിയ തുകയ്ക്ക് ലേലം പിടിച്ചും കട നടത്തുന്ന ഹോട്ടൽ വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്. കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന അനധികൃത ബോർഡുകളും തട്ടുകടകളും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.
മുകളിൽ ഭക്ഷണം, താഴെ മാലിന്യം
പല കടകളും ഓടകൾക്കു മുകളിലും റോഡുവക്കിലുമാണ് പാചകം ചെയ്യുന്നതും പ്രവർത്തിക്കുന്നതും. ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്നു പോലും പരിശോധിക്കാറില്ല. കടുത്ത ദുർഗന്ധവും ഈച്ച പറക്കുന്ന സാഹചര്യമുണ്ട്. റോഡിലെ പൊടിമുഴുവൻ ഈ പലഹാരങ്ങളിലാണ് വന്നടിയുന്നത്. ശുചിത്വത്തിന് അപ്പുറം, തട്ടുകടകളിൽ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരമില്ലായ്മയാണ് മറ്റൊരു വെല്ലുവിളി.
പരിശോധന വേണം
കൂണുപോലെ മുളച്ചിട്ടുള്ള ഇത്തരം ബജി കടകൾക്കും ചെറുകടി കടകൾക്കുമെതിരെ അടിയന്തര അന്വേഷണം നടത്തി എത്രയുംവേഗം പൂട്ടിക്കണമെന്ന് പാലാ പൗരസമിതിയോഗം ആവശ്യപ്പെട്ടു. പി. പോത്തൻ അദ്ധ്യക്ഷത വഹിച്ചു.
”അനുമതിയില്ലാത്ത ഇത്തരം കടകൾ ജനങ്ങളെ പിഴിഞ്ഞ് വലിയ ലാഭമുണ്ടാക്കുകയാണ്. പാലാ – പൊൻകുന്നം റോഡിലും, പാലാ – കൂത്താട്ടുകുളം റോഡിലും, പാലാ – തൊടുപുഴ റോഡിലും, കടപ്പാട്ടൂർ ബൈപ്പാസ്, ടൗൺ ബൈപ്പാസ് എന്നിവിടങ്ങളിൽ എല്ലാം കൂണുപോലെ പെട്ടിക്കടകൾ ഉയരുകയാണ്. വില നിയന്ത്രിക്കുന്ന കാര്യത്തിൽ അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.
-ഹോട്ടൽ വ്യാപാരികൾ
Source link