KERALAMLATEST NEWS

സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി കെ റെയിൽ വിരുദ്ധ സമിതി

കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരെ തുടർ സമരവുമായി സിൽവർ ലൈൻ വിരുദ്ധ സമിതി. ആലുവയിൽ റെയിൽവേ സ്‌റ്റേഷൻ മാർച്ചും പ്രതിഷേധ സംഗമമവും സംഘടിപ്പിച്ചു. അധികാരത്തിലിരിക്കുന്നവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് സിൽവർ ലൈൻ എന്ന് സമരസമിതി വിമർശിച്ചു. കെ റെയിൽ-സിൽവർ ലൈൻ പദ്ധതി വീണ്ടും സജീവമായതോടെയാണ് സമരസമിതി വീണ്ടും സമരമുഖത്തിറങ്ങിയത്. പദ്ധതിയെ എതിർക്കുന്ന കാസ‌ർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നൂറുകണക്കിന് ആളുകൾ റെയിൽവേ സ്‌റ്റേഷന്റെ മാർച്ചിന്റെ ഭാഗമായി.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്കിന് കാരണമാകുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്ന് സമരക്കാർ ആവർത്തിച്ചു. സർക്കാരും കേന്ദ്രവും നടത്തുന്ന ഗൂഡാലോചനയാണെന്നും സമരസമിതിക്കാർ ആരോപിച്ചു. പദ്ധതിയുടെ പിന്നിൽ നാട്ടിലെ യാത്രാക്ളേശം പരിഹരിക്കുക എന്ന ലക്ഷ്യമല്ല ഉള്ളത്. ഭരിക്കുന്നവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുക എന്നതാണ് ഉദ്ദേശ്യം. അതിന് വേണ്ടി നാട്ടിലെ സാധാരണ ജനങ്ങളെ ബലി കൊടുക്കുകയാണ് ചെയ്യുന്നത്.

സിൽവർ ലൈനിന് എതിരെയുള്ള രണ്ടാംഘട്ട സമരസമിതിയുടെ തുടക്കമായിരുന്നു ആലുവയിലെ പ്രതിഷേധ സംഗമം. കേരളത്തിൽ അതിവേഗ റെയിൽവേ പാതയുടെ സാദ്ധ്യതകൾ അടഞ്ഞിട്ടില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.

അതേസമയം, സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പ്രതികരിച്ചു. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് റോഡ് മാർഗമല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ വർദ്ധിക്കണം. കൂടുതൽ റെയിൽപാതകൾക്കു പുറമേ സിൽവർലൈൻ പോലുള്ള അതിവേഗ പാതകൾ വരണം. എന്നാലേ യാത്രാപ്രശ്നം പരിഹരിക്കാൻ കഴിയൂവെന്നാണ് മന്ത്രിയുടെ അഭിപ്രായം.


Source link

Related Articles

Back to top button