കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങളെ വിലക്കി വരണാധികാരി കൂടിയായ കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ. പിപി ദിവ്യ രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്കാണ് മാദ്ധ്യമങ്ങളെ കടത്തി വിടാതെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. മാദ്ധ്യമപ്രവർത്തകരെ തടയാൻ നിർദേശമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
ഇന്ന് രാവിലെ 11നാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യ രാജിവച്ചതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷ കെകെ രത്നകുമാരിയാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി. പരിയാരം ഡിവിഷനിൽ നിന്നുള്ള അംഗമാണ്.
കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത് ലിസി ജോസഫ് ആണെന്നാണ് വിവരം. ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയോടെ വരണാധികാരിയായ കളക്‌ടറുടെ സാന്നിദ്ധ്യത്തിലാകും സത്യപ്രതിജ്ഞ. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയിൽ ഏഴുപേർ യുഡിഎഫും 17പേർ എൽഡിഎഫുമാണ്.
Source link