വിലയിൽ രാജാവായിരുന്ന മത്തി ദേ കിടക്കുന്നു താഴെ; നേരത്തേ ഒരുകിലോയ്ക്ക് 400 രൂപ, ഇപ്പോൾ വെറും പതിനഞ്ച് രൂപ
ആലപ്പുഴ: ദിവസങ്ങൾക്ക് മുമ്പുവരെ വിലയുടെ കാര്യത്തിൽ രാജകലയിൽ തിളങ്ങിനിന്ന മത്തി ഒറ്റയടിക്ക് താഴെ വീണു. കിലോയ്ക്ക് 400 രൂപവരെ എത്തിയ മത്തിക്ക് ഇന്നലെ വെറും പതിനഞ്ചുരൂപയ്ക്കാണ് ചെല്ലാനം ഹാർബറിൽ നിന്ന് മൊത്ത ഏജൻസികൾ എടുത്തത്. മത്സ്യത്തൊഴിലാളികൾക്ക് കൂടിയ അളവിൽ മത്തി കിട്ടിയതോടെയാണ് വില കുത്തനെ താഴേക്ക് പോയത്. പക്ഷേ, സാധാരണക്കാർക്ക് മത്തി ലഭിക്കണമെങ്കിൽ കിലോയ്ക്ക് നൂറും നൂറ്റമ്പതുമൊക്കെത്തന്നെ ഇപ്പോഴും നൽകണം. കൂടുതൽ മത്തി ലഭിച്ചതോടെ മത്സ്യത്തീറ്റ നിർമാണ കമ്പനികളും തീരത്തേക്ക് എത്തിയിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്കുശേഷമാണ് മത്തി കൂടുതലായി ലഭിക്കുന്നത്. വില താണതോടെ മത്സ്യത്തൊഴിലാളികൾക്കും നിരാശയായി. പലരും ഉച്ചയ്ക്കുമുമ്പേ പണി നിറുത്തുന്ന അവസ്ഥയാണ്. മത്തിയോടൊപ്പം അയലയും ചെറിയതോതിൽ ലഭിക്കുന്നത് അല്പം ആശ്വാസം പകരുന്നുണ്ട്.
നേരത്തേ കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും കൂടുതലായി വാങ്ങിയിരുന്നത് മത്തിയായിരുന്നു. വിലക്കുറവും ഒപ്പം പോഷക ഗുണങ്ങളുമാണ് മത്തിയെ മലയാളിക്ക് പ്രിയപ്പെട്ടതാക്കിയിരുന്നത്.എന്നാൽ വില ഉയർന്നതോടെ കാര്യങ്ങൾ നേരേ തിരിച്ചായി. പണക്കാരുടെ വീടുകളിൽ മാത്രം എത്തുന്ന വിശിഷ്ട വിഭവമായി മത്തി മാറി. മത്തി ആളാകെ മാറിപ്പോയെന്ന് സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകൾ വരെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. രണ്ടോ മൂന്നാേ കഷ്ണം മത്തിവറുത്തതിന് 50 രൂപവരെയായിരുന്നു ഹോട്ടലുകൾ വാങ്ങിയിരുന്നത്.
കടലിലെ ചൂട് കൂടിയതാണ് മത്തി ലഭ്യത കുറച്ചതെന്നായിരുന്നു റിപ്പോർട്ട്. കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്തിയെയാണ്. 26-27 ഡിഗ്രി സെല്‍ഷ്യസ് ചൂട് മാത്രമേ മത്തിക്ക് അതിജീവിക്കാന്‍ സാധിക്കൂ. ഇത്തവണ 30-32 ഡിഗ്രി വരെ കടലിലെ ചൂട് ഉയര്‍ന്നത് മത്തി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ക്ക് ദോഷം ചെയ്തു.
എല്‍ നിനോ പ്രതിഭാസമായിരുന്നു ചൂടുകൂടാൻ കാരണം. ചൂടു കൂടിയതിനാല്‍ മത്തി കൂട്ടമായി ആഴക്കടലിലേക്ക് പോയി. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ അഭാവം മത്തിയുടെ വളര്‍ച്ച മുരടിപ്പിച്ചതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.അതിനാൽ കേരളാതീരത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കാലവർഷം എത്തിയതോടെ കടലിലെ ചൂടുകുറഞ്ഞു. ഇതോടെയാണ് കൂടിയ അളവിൽ മത്തി ലഭിച്ചുതുടങ്ങിയതെന്നാണ് കരുതുന്നത്.
Source link